ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ വിജയദശമി പരിപാടി തത്സമയം സംപ്രേഷണം ചെയ്ത് വിവാദത്തിലായ ദൂരദര്‍ശന്‍ മുഖം മിനുക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ പ്രക്ഷേപണം ആരംഭിക്കുന്നതോടൊപ്പം സ്മാര്‍ട്ട്‌ഫോണ്‍, ടാബ്ലറ്റ്, ലാപ്‌ടോപ്പ് തുടങ്ങിയവയില്‍കൂടി സൌജന്യമായി ദൂരദര്‍ശന്റെ ചാനലുകളുടെ പ്രക്ഷേപണം നടത്താനും ദൂരദര്‍ശന്‍ തയ്യാറെടുത്തു.
ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തില്‍ തുടങ്ങിക്കഴിഞ്ഞതായാണ് വിവരം. അടുത്ത ജനവരിയോടെ യൂറോപ്പിലും മിഡില്‍ ഈസ്റ്റിലും കണക്ഷന്‍ എത്തിക്കാന്‍ കഴിയുമെന്നാണ് ദൂരദര്‍ശന്‍ പ്രതീക്ഷിക്കുന്നത്. മഹാരാഷ്ട്രയിലും ഹരിയാനയിലും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞതിനാല്‍ തെരഞ്ഞെടുപ്പിനു ശേഷം നടപടികള്‍ ആരംഭിക്കും.
കേന്ദ്ര വാര്‍ത്താ വിനിമയ വകുപ്പ് മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ മറ്റു മന്ത്രിമാരുമായി ആലോചിച്ച് അവസാന തീരുമാനമെടുക്കും. പദ്ധതി നടപ്പിലാക്കുന്നതിനുള്ള അന്തിമ സമയവും അതിനുവേണ്ട ടീമിനേയും തീരുമാനിക്കുക, ഇന്ത്യയെ പ്രതിനിധീകരിക്കുന്ന തരത്തിലുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുക എന്നിവയാവും ചര്‍ച്ചയില്‍ പ്രധാനമെന്ന് പ്രസാര്‍ഭാരതി സിഇഒ ജവഹര്‍ സര്‍ക്കാര്‍ പറഞ്ഞു.