ഹാര്‍ദിക് പട്ടേല്‍ ദുശ്ശകുനമെന്ന് ശിവസേന മുഖപത്രം

ഞായര്‍, 30 ഓഗസ്റ്റ് 2015 (10:14 IST)
പട്ടേല്‍ സമുദായത്തിന് സംവരണം ആവശ്യപ്പെട്ട് ഗുജറാത്തില്‍ നടന്ന വന്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ ഹാര്‍ദിക് പട്ടേല്‍ ബി ജെ പിക്ക് ദുശ്ശകുനമെന്ന് ശിവസേന. മുഖപത്രമായ ‘സാമ്ന’യില്‍ ആണ് ശിവസേന നിലപാട് വ്യക്തമാക്കിയത്.
 
ഗുജറാത്തിന്റെ സകല അവകാശവാദങ്ങളും പൊള്ളയാണെന്ന് ‘മീശ മുളയ്ക്കാത്ത പയ്യന്‍’ ജനങ്ങള്‍ക്ക് കാട്ടിക്കൊടുത്തു. ജനക്കൂട്ടത്തിന്റെ യഥാര്‍ത്ഥ രാജാവ് താനാണെന്ന് ഹാര്‍ദിക് പട്ടേല്‍ തെളിയിച്ചിരിക്കുകയാണ്. ജനങ്ങളെ ആകര്‍ഷിക്കുന്ന നേതാവ് മോഡിയെന്നായിരുന്നു ഇതു വരെയുള്ള പ്രചരണം. എന്നാല്‍, ഈ പയ്യന്‍ റാലിയിലേക്ക് അഞ്ചുലക്ഷം ആളുകളെ ആകര്‍ഷിച്ച് ആ വാദം തകര്‍ത്തിരിക്കുകയാണ്.
 
ഗുജറാത്തില്‍ നല്ല ഭരണമാണെന്നും നാട് ശാന്തമാണെന്നും പറഞ്ഞ് ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ വ്യവസായികളെ ക്ഷണിച്ചു. എന്നാല്‍, മുഖ്യമന്ത്രിയുടെ വാക്കുകള്‍ വെറും വാക്കുകളാണെന്ന് ഹാര്‍ദിക് തെളിയിച്ചിരിക്കുകയാണെന്നും ‘സാമ്‌ന’ പറയുന്നു.

വെബ്ദുനിയ വായിക്കുക