മൊഴികളില്‍ വൈരുധ്യം, ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്യും

വെള്ളി, 13 ഫെബ്രുവരി 2015 (08:20 IST)
സുനന്ദ പുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ശശി തരൂരിനെ ഡല്‍ഹി പോലീസ് വീണ്ടും ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രണ്ട് ഘട്ടങ്ങളിലായി ആറര മണിക്കൂര്‍ തരൂരിനെ ചോദ്യം ചെയ്തിരുന്നു. ആദ്യഘട്ട ചോദ്യംചെയ്യല്‍ അഞ്ച് മണിക്കൂറും രണ്ടാംഘട്ടം ഒന്നരമണിക്കൂറും നീണ്ടു. രാത്രി 10നുശേഷം തുടങ്ങിയ രണ്ടാംഘട്ട ചോദ്യംചെയ്യല്‍ പാതിരാത്രിയാണ് അവസാനിച്ചത്. തരൂരിന്റെയും സഹായികളുടെയും മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.
 
തരൂരിന്റെ സഹായികളായി നാരായണ്‍ സിംഗ്, ബജ്‌റംഗി എന്നിവരെയും തരൂരിനൊപ്പമിരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്തു. സുനന്ദയുടെ മരണത്തിന് പിന്നില്‍ ഐപിഎല്‍ ബന്ധുണ്ടെന്ന സംശയം ബലപ്പെടുകയാണെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു. കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.അതേക്കുറിച്ചായിരുന്നു തരൂരിരേനാട് അന്വേഷണ സംഘം കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചത്. ഐപിഎല്‍. കൊച്ചി ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട വിവരങ്ങള് ചോദിക്കുന്നതിന് സാമ്പത്തിക കുറ്റകൃത്യവിഭാഗത്തിന്റെ ചുമതലയുള്ള ഡിസിപി മംഗേഷ് കശ്യപും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. 
 
തിരുവനന്തപുരത്തുനിന്ന് മടങ്ങിവരവേ സുനന്ദ എന്തുകൊണ്ടാണ് ഔദ്യോഗികവസതിയില്‍ പോകാതെ പഞ്ചനക്ഷത്രഹോട്ടലില്‍ തങ്ങിയതെന്ന് പോലീസ് തരൂരില്‍ നിന്ന് ആരാഞ്ഞു. ഇതുവരെയായി 15 പേരെ കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്തിട്ടുണ്ട്. സുനന്ദയുടെ ആന്തരികാവയവങ്ങളുടെ രാസ പരിശോധന അമേരിക്കന്‍ അന്വേഷണ ഏജന്‍സായി എഫ്ബിഐയുടെ ലാബില്‍ നടത്താനാണ് പെലീസിന്റെ ശ്രമം.അതിനായി വരുന്ന ചൊവ്വാഴ്ച ഉദ്യോഗസ്ഥരുടെ സംഘം അമേരിക്കയിലേക്ക് പോകും. അതിന് മുന്നോടായായാണ് ശശിതരൂരിനെ അന്വേഷണ സംഘം വിവിധ ഘട്ടങ്ങളിലായി ചോദ്യം ചെയ്യുന്നത്.
 
സുനന്ദയുടെ മകന്‍ ശിവ് മേനോനെ കഴിഞ്ഞദിവസം ദുബായില്‌നിന്ന് വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. തരൂരും സുനന്ദയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശിവ് മേനോനില്‌നിന്ന് പോലീസ് ചോദിച്ചറിഞ്ഞു. മകനെ ചോദ്യംചെയ്തതില്‌നിന്ന് ലഭിച്ച പുതിയ ചില വിവരങ്ങളിന്മേല്‍ തരൂരില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. സുനന്ദ മരിച്ചുകിടന്ന ലീലാ ഹോട്ടല്‍ ഉള്‍പ്പെടുന്ന സരോജിനിനഗര്‍ പോലീസ് സ്റ്റേഷനിലാണ് വ്യാഴാഴ്ച രാവിലെ തരൂര്‍ എത്തിയത്. പിന്നീട് അദ്ദേഹത്തെ വസന്ത് വിഹാറിലുള്ള വാഹനമോഷണം തടയല്‍ സ്‌ക്വാഡിന്റെ ഓഫീസില് എത്തിച്ചു. അവിടെവെച്ചാണ് അദ്ദേഹത്തെ അഞ്ചംഗ പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്തത്. 
 
രാത്രിയിലെ രണ്ടാംഘട്ട ചോദ്യംചെയ്യലിന് തരൂര്‍ അഭിഭാഷകനുമൊത്താണ് എത്തിയത്. ഇന്ന് തീരുവനന്തപുരത്തേക്ക് പോകുന്ന തരൂര്‍ രണ്ട് ദിവസത്തിന് ശേഷം ഡല്‍ഹിയില്‍ല്‍ തിരിച്ചെത്തും. ഇതിന് ശേഷം തരൂരിനെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി വിളിപ്പിക്കും. പ്രത്യേക അന്വേഷണ സംഘത്തിനൊപ്പം ഡല്‍ഹി പൊലീസിന്റെ കീഴില്‍ സാന്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘവും തരൂരിനെ ചോദ്യം ചെയ്തു. ഐപിഎല്ലിലെ സാന്പത്തിക ഇടപാടിനെക്കുറിച്ച് ഇവര്‍ തരൂരിനോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക