57 മുസ്ലീം കുടുംബങ്ങളെ സംഘപരിവാര്‍ ഹിന്ദുക്കളാക്കി

ചൊവ്വ, 9 ഡിസം‌ബര്‍ 2014 (09:27 IST)
ഹിന്ദുമതത്തില്‍ നിന്ന് മറ്റ് മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്തവരെ തിരിച്ചു കൊണ്ട് വരുന്നതിനായി സംഘപരിവാര്‍ നടത്തുന്ന പുര്‍ഖോണ്‍ കി ഘര്‍ വാപസി' എന്ന മത പരിവര്‍ത്തന പരിപാടിയുടെ ഭാഗമായി  57 മുസ്ലീം കുടുംബങ്ങളെ ആഗ്രയില്‍ ഹിന്ദുക്കളാക്കി. ആര്‍എസ്‌എസിന്റെയും ബജ്രംഗദളിന്റെയും ധര്‍മ്മ ജാഗരണ്‍ സമാന്‍വായ്‌ വിഭാഗ എന്നീ ഹിന്ദു സംഘടനകള്‍ ചേര്‍ന്ന്‌ സംഘടിപ്പിക്കുന്ന ഈ കൂട്ട മത പരിവര്‍ത്തന പരിപാടിയുടെ ഭാഗമായി ഇതുവരെ 200 ലധികം പേരെ  ആഗ്രയില്‍ ഹിന്ദുക്കളാക്കി മാ‍റ്റി എന്നാണ് സംഘപരിവാറിന്റെ അവകാശ വാദം.

ആഗ്ര, ഫത്തേപ്പൂര്‍ സിക്രി, മാത്തുര, ഫിറോസാബാദ്‌, ഇറ്റാ, മീററ്റ്‌, മെയിന്‍പൂരി, ഉത്തരാഖണ്ഡ്‌ എന്നിവിടങ്ങളില്‍ നിന്നും 2003 ല്‍ ഇസ്‌ളാമിലേക്കും ക്രൈസ്‌തവികതയിലേക്കും മതംമാറിയ 2.73 ലക്ഷം പേരെയാണ്‌ ഹിന്ദു സംഘടനകള്‍ മതം മാറ്റാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. ഇതിന്റെ ഭാഗമായി വരുന്ന് ക്രിസ്തുമസ് ദിനത്തില്‍ ഇസ്‌ളാമിലേക്കും ക്രിസ്തുമതത്തിലേക്കും മതം മാറിയ 5000 ആളുകളെ ഹിന്ദുക്കളാക്കാനുള്ള ലക്ഷ്യവുമായാണ് സംഘപരിവാര്‍ നീങ്ങുന്നത്.

ബിജെപി എം‌പിയായ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലാണ് ഈ ശ്രമങ്ങള്‍ ഇവര്‍ നടത്തുന്നത്. മതപരിപവര്‍ത്തനം ചെയ്‌തവര്‍ക്ക്‌ ഉടന്‍തന്നെ പുതിയ പേരുകള്‍ നല്‍കുമെന്ന്‌ പരിപാടിയുടെ മുഖ്യസംഘാടകരായ ആര്‍എസ്‌എസ്‌ പറഞ്ഞു. മതപരിവര്‍ത്തനം നടത്തുന്നവരുടെ പുതിയ പട്ടിക തയ്യാറാക്കി അവരുടെ വോട്ടര്‍ ഐഡിയിലും ആധാര്‍ കാര്‍ഡിലും പുതിയ മതം എഴുതിചേര്‍ക്കാനുള്ള നടപടിയും ഇവര്‍ സ്വീകരിച്ചിട്ടുണ്ട്.

മികച്ച വിദ്യാഭ്യാസം, ഭക്ഷനം താമസ സൌകര്യം എന്നിവ വാഗ്ദാനം ചെയ്താണ് ഇവരെ തിരികെ കൊണ്ടുവരുന്നത്. മറ്റ് മതങ്ങളിലേക്ക് ഇവര്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടത് ഇതേ വാഗ്ദാനങ്ങള്‍ കാട്ടിയായിരുന്നു. 50 ലക്ഷം രൂപയാണ് സംഘപരിവാര്‍ ഈ കൂട്ട മതപരിവര്‍ത്തനത്തിന് ഒരുമാസം ചെലവാക്കുന്ന തുക. തങ്ങളുടെ പ്രയത്നം വിജയിക്കുന്നതായാണ് ഇവര്‍ പറയുന്നത്. ആഗ്രയിലെ ക്രൈസ്‌തവാരാധന നടത്തിയിരുന്ന 60 പള്ളികളില്‍ ഒന്നില്‍ പോലും ഇപ്പോള്‍ ആരാധന നടക്കുന്നില്ലെന്നും ഹിന്ദു നേതാക്കള്‍ പറയുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക