വാഹനാപകടം; സല്‍മാന്‍ ഖാന്റെ വിധി ഇന്ന് പ്രഖ്യാപിക്കും

ബുധന്‍, 6 മെയ് 2015 (08:28 IST)
ബോളീവുഡ് നടന്‍ നടന്‍ സല്‍മാന്‍ ഖാന്റെ വാഹനം ഇടിച്ച് ഒരാള്‍ മരിച്ച കേസില്‍ മുംബൈ സെഷന്‍സ് കോടതി ബുധനാഴ്ച വിധി പറയും. 2002 സപ്തംബര്‍ 28-ന് സല്‍മാന്‍ ഖാന്റെ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ കാര്‍ ബാന്ദ്രയിലെ അമേരിക്കന്‍ എക്‌സ്പ്രസ്സ് ബേക്കറിയുടെ മുന്നിലുള്ള നടപ്പാതയിലേക്ക് നിയന്ത്രണം വിട്ട് ഓടിക്കയറുകയായിരുന്നു. നടപ്പാതയില്‍ ഉറങ്ങിക്കിടന്നിരുന്നവരില്‍ ഒരാള്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു.

നേരത്തെ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന അതി വേഗത്തില്‍ വാഹനമോടിച്ചു എന്ന കേസായിരുന്നു സല്‍മാനെതിരെ എടുത്തിരുന്നത്. പിന്നീട് പത്തു വര്‍ഷംവരെ ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള മനപ്പൂര്‍വമല്ലാത്ത നരഹത്യകൂടി ഉള്‍പ്പെടുത്തുകയായിരുന്നു. ഏറെ നാടകീയത നിറഞ്ഞ കേസായിരുന്നു സല്‍മാന്‍ ഖാന്റേത്. കേസില്‍ പലസാക്ഷികളും കൂറുമാറി. അവസാനം വാഹനമോടിച്ചത് താനാണെന്ന് സല്‍മാന്റെ ഡ്രൈവര്‍ കോടതിയില്‍ മൊഴിനല്‍കുകയായിരുന്നു.

എന്നാല്‍ കേസില്‍ അന്തരിച്ച സല്‍മാന്റെ മുന്‍ അംഗരക്ഷകനായിരുന്ന പൊലീസുകാരന്റെ മൊഴി നിര്‍ണായകമാകും. നടന്റെ അംഗരക്ഷകനും പോലീസുകാരനുമായിരുന്ന രവീന്ദ്ര പാട്ടീലിന്റെ മൊഴി സല്‍മാന് എതിരാണ്.  സല്‍മാന്റെ വാഹനമിടിക്കുമ്പോള്‍ നടനൊപ്പം ആ വാഹനത്തില്‍ രവീന്ദ്ര പാട്ടീലും ഉണ്ടായിരുന്നു. ബാന്ദ്ര പോലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തതും ഈ പോലീസ് കോണ്‍സ്റ്റബിളാണ്.

സല്‍മാന്‍ അമിതമായി മദ്യപിച്ചിരുന്നെന്നും അപകടം നടക്കുമ്പോള്‍ കാര്‍ ഓടിച്ചിരുന്നത് അദ്ദേഹം തന്നെയാണെന്നുമാണ് രവീന്ദ്ര പാട്ടീല്‍ നല്‍കിയ മൊഴി. അതിവേഗം കാര്‍ ഓടിക്കരുതെന്നും അപകടമുണ്ടാകുമെന്നും താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സല്‍മാന്‍ കേട്ടില്ലെന്നും അദ്ദേഹം മൊഴി നല്‍കിയിരുന്നു. ഇതായിരിക്കും ഈ കേസിന്റെ വിധിയില്‍ കൂടുതല്‍ സ്വാധീനിക്കുക എന്നാണ് നിയമവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കേസിന്റെ വാദം നടക്കുന്നതിനിടയില്‍ ക്ഷയരോഗം പിടിപെട്ടാണ് അദ്ദേഹം മരിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക