കോയമ്പത്തൂരിൽ സാമൂഹികപരിഷ്‌കർത്താവും യുക്തിവാദിയുമായിരുന്ന പെരിയാർ ഇവി രാമസ്വാമിയുടെ പൂർണകായ പ്രതിമ കാവി നിറം പൂശിയ നിലയിൽ. സംഭവം ശ്രദ്ധയിൽ പെട്ടതോടെ കനത്ത പ്രതിഷേധമാണ് തമിഴ്‌നാട്ടിൽ നടന്നത്. സംഭവത്തിൽ ഡിഎംകെ, എംഡിഎംകെ, വിസികെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പെരിയാറിന്‍റെ പ്രതിമയില്‍ കാവി നിറം ചാര്‍ത്തിയവരെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡിഎംകെ നേതാക്കൾ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ പ്രതിഷേധക്കാർ പ്രതിമ കഴുകി വൃത്തിയാക്കി.1995ല്‍ സ്ഥാപിച്ച പെരിയാര്‍ പ്രതിമയിലാണ് കാവി നിറം ചാര്‍ത്തിയത്. സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് കിട്ടിയതിന് ശേഷം മാത്രമാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്.
നേരത്തെ തമിഴ്‌നാട്ടിൽ പെരിയാറിന്‍റെ പ്രതിമകള്‍ തകര്‍ക്കുമെന്ന് യുവമോര്‍ച്ചയുടെ തമിഴ്നാട് നേതാവ് എസ് ജി സൂര്യ ട്വീറ്റ് ചെയ്‌തത് വലിയ വിവാദമായിരുന്നു.1879ല്‍ ജനിച്ച പെരിയാർ ബ്രാഹ്മണ്യത്തിന് എതിരെയും അനാചാരങ്ങള്‍ക്കെതിരെയും ശക്തമായി പോരാടിയ സാമൂഹ്യ പ്രവര്‍ത്തകനായിരുന്നു. തമിഴ് ജനതയെ ആഴത്തിൽ സ്വാധീനിച്ച സാമൂഹ്യപരിഷ്കർത്താവായിരുന്നു പെരിയാർ.