ശബരിമല: ഭഗവാന് ആൺ പെൺ വ്യത്യാസമില്ലെന്ന് സുപ്രീംകോടതി, അമിക്കസ് ക്യൂറിയെ നിയോഗിച്ചു
ഭഗവാന് ആൺ പെൺ വ്യത്യാസമില്ലെന്ന് ഭഗവദ്ഗീതയിൽ പറഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ശബരിമലയിലെ സ്ത്രീ പ്രവേശത്തെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അമിക്കസ് ക്യൂറിയെ നിയോഗിച്ചു. അഭിഭാഷകരായ രാജു രാമചന്ദ്രന്‍, കെ രാമമൂര്‍ത്തി എന്നിവരെയാണ് കോടതി നിയോഗിച്ചത്. സ്ത്രീകളുടെ പ്രവേശ വിഷയത്തിൽ ആത്മീയവും ഭരണഘടനാപരവുമായ വശങ്ങൾ പരിശോധിക്കുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശം വേണമെന്ന അഭിഭാഷക സംഘടന ഇന്ത്യൻ യെങ് ലോയേഴ്സ് അസോയിയേഷന്‍റെ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പരാമർശം.
അതേസമയം, 10നും 50നും ഇടയിലുള്ള സ്ത്രീകളെ ശബരിമല ദർശനത്തിൽ നിന്ന് വിലക്കിയ ഹൈകോടതി ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ഈ വിഷയത്തിൽ വിശദമായ വാദം കേട്ട ശേഷം വിധി പ്രഖ്യാപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ആചാരങ്ങളില്‍ ഇടപെടരുതെന്ന നിലപാടാണ് കേസ് ഹൈകോടതിയുടെ പരിഗണനയിലിരിക്കെ 1990ല്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്.