ഒടുവില്‍ ആര്‍ എസ് എസ് തുറുപ്പ് ചീട്ടിറക്കി, ഘര്‍ വാപസിയെ അംബേദ്കറും പിന്തുണച്ചിരുന്നു...!

വെള്ളി, 10 ഏപ്രില്‍ 2015 (13:08 IST)
ഭരണഘടനാ ശില്‍പ്പിയായ ബി ആര്‍ അംബേദ്കറിനെ ഘര്‍ വാപസിയെ ന്യായീകരിക്കാന്‍ രാഷ്ട്രീയ സ്വയം സേവക് സംഘ്( ആര്‍ എസ് എസ്) കൂട്ടുപിടിക്കുന്നു.  മുഖവാരികകളായ ഓര്‍ഗനൈസറിലും പാഞ്ചജന്യയിലുമാണ് അംബേദ്കര്‍ ഘര്‍വാപസിയെ പിന്തുണച്ചിരുന്നതായി പറയുന്ന ലേഖനങ്ങ നിറച്ച് ഇരു വാരികയുടെയും പ്രത്യേക പതിപ്പ് പുറത്തിറക്കാനാണ് ആര്‍ എസ് എസ് ഉദ്ദേശിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കിയത് ഓര്‍ഗനൈസറിന്റെ എഡിറ്ററായ പ്രഫുല്ല കേട്കര്‍ തന്നെയാണ്.

പാകിസ്ഥാനിലും ചില പ്രവിശ്യകളായ ഹൈദരാബാദിലും മറ്റും പട്ടികവിഭാഗം ഹിന്ദുക്കളെ നിര്‍ബന്ധിപ്പിച്ചു മതംമാറ്റിയപ്പോള്‍ അതിനെതിരെ അംബേദ്കര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇവരെ തിരികെ കൊണ്ടുവരുമെന്ന് അംബേദ്കര്‍ അന്നേപറഞ്ഞിരുന്നു എന്നും കേട്കര്‍ പറയുന്നു. ഗാന്ധിജിയുടെ മരണത്തിനു ശേഷം അദ്ദേഹത്തിനു വാക്കു നല്‍കിയതുപോലെ ഹിന്ദു മതവുമായി ചേര്‍ന്നു നില്‍ക്കുന്ന ബുദ്ധമതത്തിലേക്കാണ് അംബേദ്കര്‍ ചേര്‍ന്നത്. അദ്ദേഹം ഒരു ദലിത് നേതാവ് മാത്രമല്ലെന്നും ദേശീയ നേതാവാണെന്നും കേട്കര്‍ പറഞ്ഞു.

ഏതായാലും ഇക്കാര്യങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ച് ഓര്‍ഗനൈസറും പഞ്ചജന്യയും 200 പേജ് വീതമുള്ള ബമ്പര്‍ പതിപ്പുകളായ കലക്ടേഴ്സ് ഇഷ്യു പുറത്തിറക്കും. അംബേദ്കറിന്റെ 125-)ം ജന്മദിനമായ അടുത്ത ചൊവ്വാഴ്ചയാകും ഇവ പുറത്തിറങ്ങുക. ആ എസ് എസിന്റെ ഈ നീക്കം അപൂര്‍വമായാണ് വിലയിരുത്തപ്പെടുന്നത്. ആര്‍എസ്എസ് സ്ഥാപകന്‍ കെ.ബി. ഹെഡ്ഗെവാര്‍, രാം ജന്മഭൂമി പ്രശ്നങ്ങള്‍ തുടങ്ങിയവയ്ക്കു വേണ്ടി മാത്രമാണ് പ്രത്യേക പതിപ്പുകള്‍ ഇതിനു മുമ്പ് പുറത്തിറക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഘര്‍വാപസിയില്‍ സംഘടന എത്രമാത്രം ശ്രദ്ദ ചെലുത്തുന്നു എന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക