50 രൂപയ്‌ക്ക് ഒരു ജിബി ഡാറ്റ, ഇന്ത്യയിൽ ഉടനീളം വോയിസ് കോളുകൾ സൗജന്യം; വമ്പന്‍ വാഗ്ദാനങ്ങളുമായി റിലയന്‍സ് ജിയോ അവതരിപ്പിച്ചു

വ്യാഴം, 1 സെപ്‌റ്റംബര്‍ 2016 (13:39 IST)
ഏറ്റവും കുറഞ്ഞ നിരക്കില്‍ ടെലികോം സേവനങ്ങള്‍ ഉപഭോക്താക്കള്‍ നല്‍കികൊണ്ട് റിലയന്‍സ് പുതിയ സംരംഭമായ ജിയോ ഫോര്‍ജി അവതരിപ്പിച്ചു. വോയ്സ് കോൾ മുഴുവൻ സൗജന്യമാക്കിയാണ് ജിയോ എത്തുന്നത്. ഏറ്റവും കുറഞ്ഞ നിരക്കിൽ ഫോർജി ഡാറ്റാ താരിഫുകളും ജിയോ പ്രഖ്യാപിച്ചു.

ന്യൂഡല്‍ഹിയില്‍ നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡി മീറ്റിങ്ങിലാണ് റിലയന്‍സ് ടെലികോം ചെയര്‍മാനായ മുകേഷ് അബാംനി ജിയോ ഇന്‍ഫോകോം അവതരിപ്പിച്ചത്.

സെപ്‌റ്റംബർ അഞ്ചു മുതൽ ഡിസംബർ 31 വരെയാണ് പുതിയ ഓഫർ. ജിയോ പുറത്തിറക്കിയതിന്റെ ഭാഗമായി മുഴുവൻ ജിയോ സേവനങ്ങളും 4ജി സേവനങ്ങൾ ഉൾപ്പെടെ ഈ കാലയളവിൽ സൗജന്യമായിരിക്കും. ദീപാവലി പോലുള്ള അവധി ദിവസങ്ങളിലും അധിക പൈസ ഈടാക്കില്ല.

ഒരു ജിബി അതിവേഗ ഇന്റെര്‍നെറ്റ് ഡാറ്റ ഉപയോഗത്തിന് 50 രൂപയാണ് ഈടാക്കുക. ഒരു എംബി ഇന്റെര്‍നെറ്റ്  അഞ്ചുപൈസ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് 25 ശതമാനം അധിക ഡാറ്റ താരിഫ് നല്‍കും. 3,000 രൂപക്ക് ലഭിക്കുന്ന ജിയോയുടെ ലൈഫ് ഹാന്‍ഡ്സെറ്റ് ഫോര്‍ ജി സേവനം സൗജന്യമായി നല്‍കുന്നതാണ്.

അതേസമയം, ജിയോയിൽ രജിസ്റ്റർ ചെയ്യുമ്പോൾ മതിയായ തിരിച്ചറിയൽ രേഖകൾ സമർപ്പിച്ചാലേ ഈ ആനുകൂല്യം ലഭ്യമാകൂ.
ഇന്ത്യയിലെ മറ്റു ടെലികോം കമ്പനികളെക്കാള്‍ റിലയന്‍സിനെ ഉയര്‍ത്തുകയാണ് ജിയോയിലൂടെ  മുകേഷ് അംബാനി ലക്ഷ്യമിടുന്നത്.

വെബ്ദുനിയ വായിക്കുക