ഉനയിലെ ദളിത് മഹാറാലിയില്‍ പങ്കെടുത്തവര്‍ക്കെതിരെ മേല്‍ജാതിക്കാരുടെ ആക്രമണം

ചൊവ്വ, 16 ഓഗസ്റ്റ് 2016 (09:09 IST)
ഗുജറാത്തിലെ ഉനയിലെ ദളിത് മഹാറാലിയില്‍ പങ്കെടുത്തവര്‍ക്കെതിരെ മേല്‍ജാതിക്കാരുടെ ആക്രമണം. പശു സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു റാലി. ദര്‍ബര്‍ സമുദായക്കാരാണ് ആക്രമിച്ചത്. ഹരിയാനയില്‍ നിന്ന് ഉനയില്‍ റാലിയില്‍ പങ്കെടുക്കാനെത്തിവരാണ് ആക്രമണത്തിനിരയായത്. 
 
റാലിയില്‍ പതാക ഉയര്‍ത്താന്‍ എത്തിയ രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയ്ക്കും രോഹിതിന്റെ സഹോദരന്‍ രാജ വെമുലയ്ക്കും നേരെ കയ്യേറ്റശ്രമമുണ്ടായി. ഉന- സോമ്‌നാഥ് ദേശീയ പാതയില്‍ സമ്മേളന സ്ഥലത്തു നിന്ന് 20 കിലോമീറ്റര്‍ അകലൊണ് രാധികയ്ക്കും രാജയ്ക്കും നേരെ കയ്യേറ്റ ശ്രമം നടന്നത്. റാലിയില്‍ പങ്കെടുത്ത് മടങ്ങിയ നിരവധി പേരെ ദര്‍ബാര്‍ സമുദായാംഗങ്ങള്‍ ആക്രമിച്ചു. 
 
ആക്രമണത്തെ തുടര്‍ന്ന് റാലിക്കെത്തിയവര്‍ പൊലീസ് സ്റ്റേഷനില്‍ അഭയം തേടി. വീടുകളിലേക്കു മടങ്ങിപ്പോകാന്‍ സംരക്ഷണം നല്‍കണമെന്ന് അവര്‍ പൊലീസിനോട് ആവശ്യപ്പെട്ടു. ആയിരക്കണക്കിന് ദളിതരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഉനയില്‍ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുക്കാന്‍ എത്തിയത്. 
 

വെബ്ദുനിയ വായിക്കുക