ശബരിമലയിലെ തിരക്കിനു എന്താണ് കാരണം?

വ്യാഴം, 14 ഡിസം‌ബര്‍ 2023 (11:07 IST)
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഒട്ടേറെ കുപ്രചരണങ്ങളാണ് ഉത്തരവാദിത്തപ്പെട്ട ചുമതലയില്‍ ഇരിക്കുന്നവര്‍ മുതല്‍ സോഷ്യല്‍ മീഡിയയിലെ വ്യാജന്മാര്‍ വരെ അടിച്ചിറക്കുന്നത്. കഴിഞ്ഞ വാരാന്ത്യത്തിലെ അഭൂതപൂര്‍വ്വമായ തിരക്കിനു ശേഷം ഇന്ന് സ്ഥിതിഗതികള്‍ വളരെ ശാന്തമായിരിക്കുകയാണ്. ഭക്തര്‍ക്ക് അധികം കഷ്ടപ്പെടാതെ ദര്‍ശനം നടത്തി പോകാനുള്ള സജ്ജീകരണങ്ങള്‍ ഇപ്പോള്‍ പമ്പ മുതല്‍ സന്നിധാനം വരെ ഒരുക്കിയിട്ടുണ്ട്. പല ഘടകങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമലയില്‍ തിരക്ക് വര്‍ധിക്കാന്‍ കാരണമായതെന്നും സാമാന്യ യുക്തികൊണ്ട് ചിന്തിച്ചാല്‍ പോലും അത് മനസിലാകുമെന്നും സന്നിധാനത്തെ പൊലീസ് സേനയുടെ ചുമതലയുള്ള ഡിസിപി കെ.ഇ.ബിജു വെബ് ദുനിയ മലയാളം ഓണ്‍ലൈനോട് പറഞ്ഞു. 
 
ശബരിമലയില്‍ 615 പൊലീസുകാര്‍ മാത്രമോ? 
 
ശബരിമലയില്‍ ഇത്തവണ വെറും 615 പൊലീസ് ഉദ്യോഗസ്ഥര്‍ മാത്രമാണ് ഡ്യൂട്ടിയില്‍ ഉള്ളതെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ മുതല്‍ മാധ്യമപ്രവര്‍ത്തകയും ബിജെപി സഹയാത്രികയുമായ സുജയ പാര്‍വതിയടക്കമുള്ളവര്‍ പറഞ്ഞിരുന്നു. ഇത് അടിസ്ഥാനരഹിതമാണ്. ഇത്തവണ മണ്ഡലകാലത്ത് 16,118 പൊലീസ് ഉദ്യോഗസ്ഥരെയാണ് ശബരിമലയില്‍ ഡ്യൂട്ടിക്കിട്ടിരിക്കുന്നത്. കഴിഞ്ഞ മണ്ഡല കാലത്തേക്കാള്‍ 48 പൊലീസുകാര്‍ ഇത്തവണ അധികമാണ്. 
 
സന്നിധാനത്ത് മാത്രം 1500 പൊലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയിലുണ്ടെന്ന് ഡിസിപി കെ.ഇ.ബിജു പറഞ്ഞു. സെക്കന്റ് സീസണില്‍ പൊതുവെ ശബരിമലയില്‍ തിരക്ക് കൂടുതലാണ്. അതുകൊണ്ട് ചില ദിവസങ്ങളില്‍ 1500 ല്‍ അധികം പൊലീസുകാരെ ഡ്യൂട്ടിക്കിടാറുണ്ട്. പലരും മണിക്കൂറുകളോളമാണ് തുടര്‍ച്ചയായി ജോലി ചെയ്യുന്നത്. വെര്‍ച്വല്‍ ക്യൂവിലെ ബുക്കിങ്ങിനു അനുസരിച്ച് സന്നിധാനത്ത് ഡ്യൂട്ടിയില്‍ ഉണ്ടാകുന്ന ഉദ്യോഗസ്ഥരുടെ എണ്ണവും കൂടും. സന്നിധാനത്ത് ഉള്ളതുപോലെ തന്നെ പമ്പയിലും നിലയ്ക്കലിലുമായി പൊലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയിലുണ്ട്.
 
പ്രായമായവരുടെയും കുട്ടികളുടെയും എണ്ണത്തിലുള്ള വര്‍ധനവ് 
 
രണ്ടാം സീസണിലാണ് ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നത്. പ്രായമായ സ്ത്രീകളും കുട്ടികളും അടക്കം കൂടുതല്‍ എത്തുന്നത് ഈ സീസണില്‍ ആയിരിക്കും. വെര്‍ച്വല്‍ ക്യൂ ബുക്കിങ് നോക്കിയാല്‍ നമുക്കത് മനസിലാകും. ഉദാഹരണത്തിനു ഒരു എഴുപത് വയസായ സ്ത്രീ പമ്പയില്‍ വന്നു ബസിറങ്ങി പതുക്കെ നടന്ന് സന്നിധാനത്ത് എത്തുമ്പോള്‍ ചുരുങ്ങിയത് രണ്ട് മണിക്കൂര്‍ എങ്കിലും എടുക്കും. തിരിച്ച് ഇറങ്ങാനും ഇത്ര സമയം വേണ്ടിവരും. അപ്പോള്‍ ഈ പ്രായമായ സ്ത്രീക്കൊപ്പം എത്തിയവരും അത്ര സമയം അവിടെ തങ്ങേണ്ടി വരുന്നു. മണിക്കൂറില്‍ 4,600 പേരെ വരെ പതിനെട്ടാം പടിയിലൂടെ കയറ്റി വിട്ടിട്ടുണ്ട്. പക്ഷേ പ്രായമായവര്‍ വരുമ്പോള്‍ ഇത്ര പേരെ കയറ്റി വിടുന്നത് ദുസഹമാണ്. ഇത് സ്വാഭാവികമായും തിരക്ക് കൂടാന്‍ കാരണമാകും. ഇതുപോലെ തന്നെയാണ് കുട്ടികളുടെ കാര്യം വരുമ്പോഴും. ഒരേസമയത്ത് 25,000 പേരെ ഉള്‍ക്കൊള്ളാനുള്ള പ്രാപ്തിയേ ഈ സ്ഥലത്തിനുള്ളൂ. പ്രായമായവരും കുട്ടികളും കൂടുതല്‍ എത്തുമ്പോള്‍ മല കയറി ഇറങ്ങുന്ന സമയവും ഇറങ്ങുന്ന ആളുകളുടെ എണ്ണത്തിലും വലിയ വ്യത്യാസം വരും. ഇത് തീര്‍ച്ചയായും തിരക്ക് വര്‍ധിക്കാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. 
 
ഒരു വിഭാഗത്തിന്റെ നിസഹകരണം 
 
ശബരിമലയിലെത്തുന്ന ചില ഭക്തര്‍ പൊലീസ് നിര്‍ദേശങ്ങളോട് സഹകരിക്കാത്ത സാഹചര്യമുണ്ട്. പത്ത് മണിക്ക് കയറേണ്ട ആള്‍ക്ക് മുന്‍പ് പത്തരയ്ക്ക് കയറേണ്ട ആള്‍ കയറി പോകാന്‍ ശ്രമിക്കുകയും നിര്‍ദേശങ്ങള്‍ പാലിക്കാതെ വരികയും ചെയ്താല്‍ അതും തിരക്കിനു കാരണമാകില്ലേ? ഇത്രയും അധികം ആളുകള്‍ ഒന്നിച്ചെത്തുന്ന സ്ഥലമാണെന്നും കൃത്യമായി നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഒട്ടേറെ പേര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും പലരും മനസിലാക്കുന്നില്ല ! 
 
തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള ഭക്തരുടെ ഒഴുക്ക് 
 
കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഭക്തരുടെ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. തെലങ്കാന തിരഞ്ഞെടുപ്പ് കഴിഞ്ഞതും വെള്ളപ്പൊക്കത്തിനു ശേഷം സ്ഥിതി ശാന്തമായപ്പോള്‍ തമിഴ്നാട്ടില്‍ നിന്നുള്ള ഭക്തര്‍ അവധി ദിനം നോക്കി എത്തിയതുമാണ്. വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങില്‍ നിന്ന് ഇത് മനസിലായ കാര്യമാണ്. തിരക്ക് കൂടിയതില്‍ ഇതും കാരണമായിട്ടുണ്ട്. 
 
ഇപ്പോഴത്തെ സ്ഥിതി 
 
നമ്മുടെ സംവിധാനങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ പറ്റാത്ത തിരക്കല്ല ഇപ്പോള്‍ ഉള്ളത്. ഇന്ന് (ഡിസംബര്‍ 13, ബുധന്‍) 70,000 വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങാണ് ഉള്ളത്. രാത്രി എട്ട് മണി വരെയുള്ള കണക്ക് നോക്കിയാല്‍ ഏകദേശം 77,000 പേര്‍ സന്നിധാനത്ത് എത്തിയിട്ടുണ്ട്. സന്നിധാനത്തിനു താഴെ എത്തി തിരിച്ചുപോയവര്‍ 20,000 ത്തോളം വരും. അതായത് ഒരു ലക്ഷത്തിനു പുറത്ത് ഭക്തര്‍ ഇപ്പോള്‍ ശബരിമലയില്‍ എത്തുന്നുണ്ട്. അതു കൂടാതെ പൊലീസ് ഉദ്യോഗസ്ഥര്‍, ദേവസ്വം ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങി ഒട്ടേറെ ആളുകള്‍ വേറെയും ഉണ്ട്. 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍