റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചു, ഭവന, വാഹന വായ്പാ പലിശകള്‍ കുറയും

ചൊവ്വ, 29 സെപ്‌റ്റംബര്‍ 2015 (11:23 IST)
റിസര്‍വ് ബാങ്ക് നടപ്പ് വര്‍ഷത്തെ വായ്‍പാ നയം പ്രഖ്യാപിച്ചു. ബാങ്കുകള്‍ റിസര്‍വ് ബാങ്കിനു നല്‍കേണ്ട റിപ്പോ പലിശ നിരക്കില്‍ അരശതമാനം കുറവ് വരുത്തിയിട്ടുണ്ട്. നാണയപ്പെരുപ്പ നിരക്ക് കുറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ പലിശ നിരക്കില്‍ റിസര്‍വ് ബാങ്ക് ഇത്തവണ കുറവ് വരുത്തുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. എന്നാല്‍ കാല്‍ ശതമാനം കുറയ്ക്കുമെന്നായിരുന്നു വാര്‍ത്തകള്‍. അതേസ്സമയം റിസവ് ബാങ്ക് കുറച്ചത് അരശതമാനമാണ്. ഇത് സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാകുമെന്ന് വിദഗ്ദര്‍ പ്രതികരിച്ചു.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ നാലാമത്തെ വായ്‍പാനയ അവലോകനമാണ് ഇന്ന് റിസര്‍വ് ബാങ്ക് ആസ്ഥാനത്ത് നടന്നത്. മണ്‍സൂണ്‍ മുന്‍ വര്‍ഷത്തേക്കാളും കുറവാണെങ്കിലും ഭേദപ്പെട്ട നിലയിലാണ്. ഉത്പാദന വിലയും ഇന്ധന വിലയും താഴ്‍ന്നു നില്‍ക്കുന്നു. തുടങ്ങിയ അനുകൂല ഘടകങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് പലിശനിരക്കില്‍ ആര്‍ബിഐകുറവ് വരുത്തിയത്. ഇതോടെ റിപ്പോ നിരക്ക് 6.75 ശതമാനമായി. അതേസമയം കരുതല്‍ ധനാനുപാതത്തില്‍ ആര്‍ബി‌ഐ മാറ്റം വരുത്തിയിട്ടില്ല.

റിപ്പോ പലിശനിരക്ക് കുറച്ചത് ഭവന‍, വാഹന, നിര്‍മ്മാണ രംഗങ്ങള്‍ക്ക് ഉണര്‍വ്വേകുമെന്നാണ് കരുതുന്നത്. റിസര്‍വ്വ് ബാങ്ക് ഗവര്‍ണറുടെ തീരുമാനത്തെ സര്‍പ്രൈസ് മൂവ് എന്നാണ് വാണിജ്യരംഗം ഉപമിച്ചത്. പലിശ കുറയ്‍ക്കണമെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം കുറേനാളായി ആവശ്യപ്പെട്ടിരുന്നു. കാല്‍ ശതമാനത്തിലധികം പലിശ കുറച്ചതിനാല്‍ വാണിജ്യ വ്യവസായ മേഖലയില്‍ വലിയ കുതിപ്പിന് അവസരമൊരുങ്ങും.

വരും നാളുകളില്‍ നാണയപ്പെരുപ്പം കുറയാന്‍ സാധ്യതയുണ്ട് എന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ അവലോകന നയം സംബന്ധിച്ച പ്രഖ്യാപനത്തില്‍ പറയുന്നു. അങ്ങനെയെങ്കില്‍ പലിശ നിരക്കില്‍ ഇനിയും കുറവ് വരുത്താന്‍ ആര്‍ബി‌ഐ തയ്യാറാകുമെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്. വായ്പാ അവലോകന നയം പ്;ഉറത്തുവന്നതൊടെ നഷ്ടത്തിലായിരുന്ന ഇന്ത്യന്‍ ഓഹരി വിപണിയില്‍ കുതിപ്പുണ്ടായിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക