അപകടമരണം, വൈകല്യം: റെയില്‍വേയുടെ നഷ്ടപരിഹാരത്തുക വര്‍ദ്ധിപ്പിച്ചു

ചൊവ്വ, 27 ഡിസം‌ബര്‍ 2016 (08:16 IST)
ട്രെയിന്‍ അപകടത്തില്‍ മരണമടയുകയോ അവയവ നഷ്ടം സംഭവിക്കുകയോ ചെയ്താല്‍ ലഭിക്കുന്ന നഷ്ടപരിഹാരത്തുക റെയില്‍വേ നാലു ലക്ഷത്തില്‍നിന്ന് എട്ടുലക്ഷമാക്കി ഉയര്‍ത്തി. 1989ലെ അപകട നഷ്ടപരിഹാരം സംബന്ധിച്ച റെയില്‍വേ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് തുക വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. 
 
അപകടത്തില്‍ മരണമടഞ്ഞാല്‍ ബന്ധുക്കള്‍ക്കോ അവയവങ്ങള്‍ നഷ്ടപ്പെട്ടാല്‍ അപകടത്തിനിരയായവര്‍ക്കോ ഇനിമുതല്‍ എട്ടുലക്ഷം രൂപ ലഭിക്കുമെന്ന് റെയില്‍ മന്ത്രാലയം ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. റെയില്‍വേയുടെ നിയമപ്രകാരമുള്ള അന്വേഷണം പൂര്‍ത്തിയായശേഷമായിരിക്കും ഈ തുക അനുവദിക്കുക. 
 
വരുന്ന ജനുവരി മുതലാണ് ഈ ഉത്തരവ് പ്രാബല്യത്തില്‍ വരുക. അപകടത്തില്‍ കാഴ്ചയോ കേള്‍വിയോ പൂര്‍ണമായി നഷ്ടമായാലും മുഖം വിരൂപമായാലും എട്ടു ലക്ഷം രൂപ ലഭിക്കുമെന്നും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക