രാഹുല്‍ തന്ത്ര ഉപദേഷ്ടാവ്,മോഡിയാകട്ടെ സാമൂഹിക പ്രവര്‍ത്തകനും!

ബുധന്‍, 30 ജൂലൈ 2014 (16:40 IST)
തെരഞ്ഞെടുപ്പില്‍ പയറ്റിയ പതിനെട്ടു തന്ത്രങ്ങളും പാളിയിട്ടും രാഹുല്‍ ഗാന്ധി ഇപ്പോഴും തന്ത്ര ഉപദേഷ്ടാവാണ്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോഡി സാമൂഹിക പ്രവര്‍ത്തകനും സോണിയ ഗാന്ധി രാഷ്ട്രീയ സമൂഹിക പ്രവര്‍ത്തകയുമാണ്. പാര്‍ലമെന്റ് വെബ്സൈറ്റില്‍ അംഗങ്ങള്‍ നല്‍കിയിരിക്കുന്ന സ്വയം വിശേഷണങ്ങള്‍ തമാശക്കു വക നല്‍കുന്നവയാണ്.

ലോക്‌സഭയിലെ 539 അംഗങ്ങള്‍ക്കും തെരഞ്ഞെടുക്കാന്‍ 33 പ്രൊഫഷനുകളാണ് നല്‍കിയിരുന്നത്. രാഷ്ട്രീയത്തിനു പുറമേ പ്രവര്‍ത്തിക്കുന്ന മേഖലകളാണ് ഇതിലൂടെ എംപിമാര്‍ പുറത്തുവിടുന്നത്. കര്‍ഷകന്‍, ബില്‍ഡര്‍, ഡോക്ടര്‍, ടീച്ചര്‍, സ്‌പോര്‍ട്താരം, ക്രിക്കറ്റ് താരം, കലാകരന്‍, മിഷനറി തുടങ്ങി വിവിധ പ്രൊഫഷനുകളാണ് എംപിമാര്‍ക്ക് തെരഞ്ഞെടുക്കാനുണ്ടായിരുന്നത്.

വെബ്സൈറ്റില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി പത്രപ്രവര്‍ത്തകനാണെന്നാണ് അവകാശപ്പെടുന്നത്. ആര്‍എസ്എസിന്റെ മുഖപത്രമായ 'ഓര്‍ഗനൈസറി'ല്‍ പത്രപ്രവര്‍ത്തകനായി ഔദ്യോഗിക ജീവിതം തുടങ്ങിയ ആളാണദ്ദേഹം. അദ്വാനിയെ കൂടാതെ ബിജെപിയുഒടെ ഭര്‍ത്രുഹരി മഹ്താബ്, തഥാഗത സത്പതി തുടങ്ങി നാലു പത്രപ്രവര്‍ത്തകര്‍ കൂടി പാര്‍ലമെന്റിലുണ്ട്.

ലോക്‌സഭയില്‍ നാലു രജിസ്‌റ്റേര്‍ഡ് ബില്‍ഡര്‍മാരാണുള്ളത്. ചിത്രകാരന്‍മാരുടെ എണ്ണം ഒമ്പതാണ്. സിനിമാ താരങ്ങള്‍ ഇന്നസെന്റ് അടക്കം ഏഴു പേര്‍. ബിജെപി എംപി യോഗി ആദിത്യനാഥ് മാത്രമാണ് സഭയിലെ ഏക മതപ്രചാരകന്‍. ശശി തരൂരാകട്ടെ 'നയതന്ത്രജ്ഞന്‍' എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. സഭയിലെ ഏക നയതന്ത്രജ്ഞനും  തരൂര്‍ മാത്രമാണ്.

രണ്ട് കായിക താരങ്ങളാണ് സഭയിലുള്ളത്. ഇന്ത്യന്‍ ടീമംഗമായിരുന്ന കീര്‍ത്തി ആസാദ് സ്‌പോര്‍ട്‌സ് പേഴ്‌സണ്‍ എന്നു വിശേഷിപ്പിക്കുമ്പോള്‍ അനുരാഗ് താക്കൂര്‍ എന്ന യുവ എംപി ക്രിക്കറ്റര്‍ എന്നു സ്വയം വിശേഷിപ്പിക്കാന്‍ മടി കാട്ടിയിട്ടില്ല.

വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും സ്പീക്കര്‍ സുമിത്രാ മഹാജനും അഭിഭാഷകരാണ്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗാകട്ടെ 'അധ്യാപക'നാണ്. മുതിര്‍ന്ന നേതാവ് മുരളീ മനോഹര്‍ ജോലി പ്രൊഫസര്‍ എന്നാണ് വിഷേശിപ്പിക്കുന്നത്. മുസാഫര്‍ നഗര്‍ കലാപത്തില്‍ ആരോപണ വിധേയനായ സഞ്ജീവ് ബലിയാനാണ് മറ്റൊരു പ്രൊഫസര്‍. മേനകാ ഗാന്ധിയാകട്ടെ എഴുത്തുകാരിയെന്നാണ് വിശേഷിപ്പിക്കുന്നത്.

വെബ്ദുനിയ വായിക്കുക