‘ ഹിറ്റ്‌ലറും മുസോളിനിയും ജനപ്രീയ ബ്രാന്‍ഡുകളായിരുന്നു’; ബിജെപിയെ പരിഹസിച്ചും ചുട്ട മറുപടി നല്‍കിയും രാഹുല്‍ രംഗത്ത്

ശനി, 14 ജനുവരി 2017 (18:40 IST)
രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയേക്കാള്‍ കൂടുതല്‍ നല്ല ബ്രാന്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണെന്ന് പറഞ്ഞ ഹരിയാന മന്ത്രി അനില്‍ വിജിനും ബിജെപിക്കും ശക്തമായ മറുപടിയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്.

'ഏകാധിപതികളായ ഹിറ്റ്‌ലര്‍, മുസോളനി എന്നിവരും കരുത്തുറ്റ ബ്രാന്‍ഡുകള്‍' ആയിരുന്നുവെന്നാണ് ട്വീറ്റിലൂടെയുള്ള രാഹുലിന്റെ പരിഹാസം. അനില്‍ വിജിന്റെ വിവാദപരമായ പ്രസ്‌താവനയുടെ വീഡിയോ ഷെയര്‍ ചെയ്താണ് രാഹുലിന്റെ പരാമര്‍ശം.

അതേസമയം, മഹാത്മാഗാന്ധിയേക്കാള്‍ കൂടുതല്‍ നല്ല ബ്രാന്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണെന്ന് പറഞ്ഞ ഹരിയാന മന്ത്രി അഭിപ്രായം മാറ്റി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് ഹരിയാന മന്ത്രി അനില്‍ വിജ് തന്റെ പരാമര്‍ശം പിന്‍വലിച്ചത്.

“മഹാത്മാഗാന്ധിയെക്കുറിച്ച് താന്‍ പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായമാണ്. നിരവധിയാളുകളെ ഈ പരാമര്‍ശം വേദനിപ്പിച്ചെന്ന് മനസ്സിലാക്കുന്നു. അതിനാല്‍ പരാമര്‍ശം പിന്‍വലിക്കുകയാണ്’ - അനില്‍ വിജ് ട്വിറ്ററില്‍ വ്യക്തമാക്കി.

ഖാദി ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ ഇറക്കിയ കലണ്ടറില്‍ ഗാന്ധിയെ മാറ്റി മോഡിയുടെ ചിത്രം ഉപയോഗിച്ചതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അനില്‍ വിജിന്റെ വിവാദ പ്രതികരണം.

വെബ്ദുനിയ വായിക്കുക