റഫാൽ കേസിൽ പരാതിക്കാർ ഹാജരാക്കിയ രേഖകൾ പ്രതിരോധ മന്ത്രാലയത്തിൽനിന്നും മോഷ്ടിച്ചതെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ

ബുധന്‍, 6 മാര്‍ച്ച് 2019 (15:22 IST)
ഡൽഹി: റഫേൽ വിമാന കേസിൽ പരാതിക്കാർ കോടതിയിൽ ഹാജരാക്കിയ രേഖകൾ പ്രതിരോധ മന്ത്രാലയത്തിൽനിന്നും മോഷ്ടിച്ചതാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. ഇതുവഴി ഔദ്യോഗിക രഹസ്യ നിയമം പരാതിക്കാർ ലംഘിച്ചു എന്നും അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതിയിൽ വ്യക്തമാക്കി.
 
റഫേൽ ഇടപാടുമായി ബന്ധപ്പെട്ടവ അതീവ രഹസ്യ സ്വഭാവമുള്ള രേഖകളാണ്. പ്രതിരോധ മന്ത്രാലയത്തിൽ നേരത്തെ ഉണ്ടായിരുന്ന ജീവനക്കാരോ, നിലവിലെ ജീവനക്കാരോ ആവാം രേഖകൾ മോഷ്ടിച്ചിരിക്കുക. പ്രസിദ്ധപ്പെടുത്താനാവാത്ത രേഖകളാണിവ. രാജ്യ സുരക്ഷയെ തന്നെ ബാധിക്കുന്ന കാര്യങ്ങൾ രേഖയിൽ ഉണ്ടെന്നും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു.
 
പ്രതിരോധ മന്ത്രാലയത്തിൽനിന്നും രേഖകൾ മോഷ്ടിച്ചതിൽ കേന്ദ്ര സർക്കാർ എന്ത് നടപടി സ്വീകരിച്ചു എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ആരാഞ്ഞു. സംഭവത്തിൽ കേന്ദ്ര സർക്കാർ അന്വേഷണം നടത്തിവരികയാണെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചിട്ടുണ്ട്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍