രജനികാന്ത് സൂപ്പര്‍ സ്‌റ്റാര്‍ അല്ല, അദ്ദേഹം സീറോ സ്‌റ്റാര്‍ ആണ്; ചിത്രത്തിന്റെ റിലീസ് തടയണം, ചെന്നൈയില്‍ കബാലിയുടെ പോസ്‌റ്ററുകള്‍ക്ക് തീയിട്ടു - വിചിത്രമായ ആവശ്യവുമായി പ്രതിഷേധക്കാര്‍ രംഗത്ത്

വ്യാഴം, 21 ജൂലൈ 2016 (21:00 IST)
ഇന്ത്യന്‍ സിനിമാ ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂപ്പര്‍ സ്‌റ്റാര്‍ രജനികാന്ത് ചിത്രം കബാലിയുടെ റിലീസിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ചിത്രത്തിനെതിരെ ഒരു വിഭാഗമാളുകള്‍ പ്രതിഷേധവുമായി രംഗത്ത്. നിസാരവും ചിരിയുണര്‍ത്തുന്നതുമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഇവര്‍ ചിത്രത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ്  സര്‍ക്കാര്‍ ഇടപെട്ട് തടയണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

തമിഴ്നാട്ടിലെ നിരവധി മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നേവി കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ തിരിച്ച് നാട്ടിലെത്താന്‍ രജനികാന്ത് യാതൊരു ഇടപെടലും നടത്തുന്നില്ല എന്നാണ് പ്രതിഷേധക്കാര്‍ ശക്തമായി വാദിക്കുന്നത്. താങ്കള്‍ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുമോ എന്ന യുവാക്കളുടെ ചോദ്യത്തിന് രജനി അവ്യക്തമായ മറുപടിയാണ് നല്‍കുന്നതെന്നും പ്രതിഷേധക്കാര്‍ പറയുന്നു. ഈ കാരണത്താല്‍ കബാലിയുടെ റിലീസ് തടയണമെന്നാണ് ഇവരുടെ ആവശ്യം.

ആരാധകര്‍ വാഴ്‌ത്തുന്നതു പോലെ രജനികാന്ത് സൂപ്പര്‍ സ്‌റ്റാര്‍ അല്ലെന്നും അദ്ദേഹമൊരു സീറോ സ്‌റ്റാര്‍ ആണെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഇതേത്തുടര്‍ന്ന് പ്രതിഷേധക്കാര്‍ കബാലിയുടെ പോസ്‌റ്ററുകളും ഫെളെക്‍സ് ബോര്‍ഡുകളും നശിപ്പിക്കുകയും തീയിടുകയും ചെയ്‌തു. എത്രയും വേഗം തമിഴ്‌നാട് സര്‍ക്കാര്‍ ഇടപെട്ട് ചിത്രത്തിന്റെ റിലീസ് തടയണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

വെബ്ദുനിയ വായിക്കുക