യുഎഇയിൽ നടന്ന മന്ത്രിതല യോഗത്തിൽ പ്രോട്ടോക്കോൾ ലംഘിച്ച് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരനോടൊപ്പം യുവമോർച്ച നേതാവ് സ്മിതാമേനോൻ പങ്കെടുത്ത സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ വകുപ്പിൽ നിന്നും വിശദീകരണം തേടി. ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡണ്ട് സലീം മടവൂർ നൽകിയ പരാതിയിലാണ് വിശദീകരണം തേടിയത്.
2019 നവംബറിൽ അബുദാബിയിൽ വെച്ചു നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനത്തിലാണ് പ്രോട്ടോക്കോൾ ലംഘിച്ച് സ്മിതാമേനോൻ പങ്കെടുത്തത്. വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍റെ അനുവാദത്തോടെയാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് സ്മിതാ മേനോന്‍ വ്യക്തമാക്കിയിരുന്നു.അന്താരാഷ്ട്ര സമ്മേളനത്തില്‍ ഒരാള്‍ക്ക് പങ്കെടുക്കാന്‍ തനിക്ക് എങ്ങനെ അനുമതി കൊടുക്കാന്‍ കഴിയുമെന്നാണ് മുരളീധരൻ ആദ്യം പറഞ്ഞതെങ്കിലും പിന്നീട് ഈ നിലപാട് തിരുത്തി.