ഇന്ത്യാ- പാക് അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍ പ്രകോപനം. പഞ്ചാബിലെ ഇന്ത്യയുടെ അതിര്‍ത്തി രക്ഷാസേനാ പോസ്റ്റുകള്‍ക്ക് നേരെ പ്രകോപനമൊന്നും കൂടാതെ പാകിസ്ഥാന്‍ വെടിവയ്പ്പുണ്ടായി. സംഭവത്തില്‍ മുന്ന് ബി എസ് എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. പരുക്കേറ്റ മൂന്നു പേരെയും ഗുരു നാനക് ദേവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ അര്‍ധരാത്രിയോടെയാണ് പാക് പ്രകോപനം ഉണ്ടായിരിക്കുന്നത്. ഇന്ത്യാ- പാക് അന്താരാഷ്ട്ര അതിര്‍ത്തിയായ ഈ ഭാഗങ്ങളില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് ഗൌരവത്തൊടെയാണ് പ്രതിരോധ മന്ത്രാലയം കാണുന്നത്. പിന്നില്‍ പാക് തീവ്രവാദികളുടെ കൈയ്യുണ്ടെന്നാണ് പ്രതിരോധ വൃത്തങ്ങള്‍ കരുതുന്നത്.
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ലഷ്കറെ തയിബ കമാന്‍ഡര്‍ സാക്കിയു റഹ്മാന്‍ ലഖ്വി ജയില്‍ മോചിതനായതിനു പിന്നാലെയാണ് വെടിവയ്പ്പുണ്ടായത്. അതിനാലാണ് ഇത്തരമൊരു സംശയം സൈനിക നിരീക്ഷകര്‍ വച്ചുപുലര്‍ത്തുന്നത്. ആറുവര്‍ഷത്തിനു ശേഷം ഇന്നലെയാണ് ജയില്‍മോചിതനായത്. ലഖ്വിയുടെ ജയില്‍മോചനം ഇന്ത്യയ്ക്കുനേരെ പാക്ക് മണ്ണില്‍ നിന്നുള്ള ഭീകരനീക്കങ്ങള്‍ക്ക് ഊര്‍ജം പകരുമെന്ന് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പും നല്‍കിയിരുന്നു.