നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് രാജ്യത്ത് ഉണ്ടായ കടുത്ത സാമ്പത്തികപ്രതിസന്ധിയെ മറികടക്കാന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കര്‍ഷകര്‍ക്കും കല്യാണം തുടങ്ങിയ അടിയന്തിര ആവശ്യങ്ങള്‍ക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സാമ്പത്തികകാര്യസെക്രട്ടറി ശക്തികാന്ത ദാസ് ആണ് പ്രഖ്യാപനം നടത്തിയത്.
കല്യാണ ചടങ്ങുകള്‍ക്കായി 2.5 ലക്ഷം രൂപ വരെ പിന്‍വലിക്കാം. കെ വൈ സി രേഖകള്‍ സമര്‍പ്പിച്ചിട്ടുള്ള അക്കൌണ്ടുകളില്‍ നിന്ന് മാത്രമാണ് ഇത്. ഒരു തവണ മാത്രമേ ഒരു കുടുംബത്തിന് ഇപ്രകാരം തുക പിന്‍വലിക്കാന്‍ കഴിയുകയുള്ളൂ. വരന്‍, വധു, അവരുടെ അമ്മ, അച്‌ഛന്‍ എന്നിവരില്‍ ഒരാളുടെ അക്കൌണ്ടില്‍ നിന്ന് മാത്രമാണ് തുക പിന്‍വലിക്കാന്‍ കഴിയുക.
കൂടാതെ, കാര്‍ഷികവായ്‌പകളില്‍ ഒരാഴ്ചയില്‍ 25, 000 രൂപ വരെ പിന്‍വലിക്കാവുന്നതാണ്. കര്‍ഷകരുടെ പേരിലുള്ള ബാങ്ക് അക്കൌണ്ടുകളില്‍ നിന്നാണ് ഈ രീതിയില്‍ തുക പിന്‍വലിക്കാന്‍ കഴിയുക. കമ്പോള കമ്മിറ്റികളിലുള്ള വ്യാപാരികള്‍ക്ക് 50, 000 രൂപ വരെയും പിന്‍വലിക്കാം.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10, 000 രൂപ പണമായി മുന്‍കൂര്‍ ശമ്പള ഇനത്തില്‍ വങ്ങാമെന്നും പ്രഖ്യാപിച്ചു. റെയില്‍വേ, അര്‍ദ്ധസൈനികര്‍, പൊതുമേഖല സ്ഥാപന ജീവനക്കാര്‍ എന്നിവര്‍ക്കാണ് മുന്‍കൂര്‍ ശമ്പളം പണമായി വാങ്ങാവുന്നത്.