നോട്ടുകൾക്ക് ഇപ്പോഴും ക്ഷാമം തന്നെ, മൂല്യം വളരെ കുറവ്

ബുധന്‍, 11 ജനുവരി 2017 (11:44 IST)
കേന്ദ്ര സർക്കാരിന്റെ നോട്ട് അസാധുവാക്കൽ പ്രഖ്യാപനം നടന്നിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും നോട്ടുകൾക്ക് ക്ഷാമമാണ്. ജനങ്ങൾക്കിടയിലേക്ക് ആവശ്യത്തിനുള്ള നോട്ടുകൾ ഇപ്പോഴും എത്തുന്നി‌ല്ല എന്നതാണ് വാസ്തവം. ജനങ്ങൾക്കിയടിൽ പ്രചരിക്കുന്ന നോട്ടുകളുടെ മൂല്യത്തിൽ മൂന്നിലൊന്നു കുറവ്. കഴിഞ്ഞ മൂന്നു വർഷം പുറത്തിറക്കിയതിനേക്കാൾ എണ്ണം നോട്ടുകൾ രണ്ടു മാസത്തിനിടെ ഇറക്കിയെന്ന കേന്ദ്രത്തിന്റെ അവകാശവാദം റിസർവ് ബാങ്കിന്റെ തന്നെ കണക്കുകളിൽ പൊളിയുകയാണ്. 
 
ആവശ്യത്തിനുള്ള നോട്ടുകൾ അച്ചടിക്കാത്തതാണ് നോട്ട് ക്ഷാമത്തിന്റെ പ്രധാന കാരണമെന്ന് വ്യക്തമാകുന്നു. റിസർവ് ബാങ്ക് വെബ്സൈറ്റിലെ കണക്ക് അനുസരിച്ച് പൊതുജനങ്ങൾക്കിടയിൽ പ്രചരിച്ചിരുന്ന കറൻസി നോട്ടുകളുടെ മൂല്യം 2016 മാർച്ച് 31ന് 15.97 ലക്ഷം കോടി രൂപയായിരുന്നു. 16 ലക്ഷം കോടിയോളം. എന്നാൽ, നവംബർ എട്ടിന് നോട്ട് അസാധുവാക്കൽ നടത്തി രണ്ടാഴ്ച കഴിഞ്ഞ് നവംബർ 23നു പുറത്തുവിട്ട കണക്ക് അനുസരിച്ച് പുറത്തുള്ള നോട്ടുകളുടെ മൂല്യം 9.11 ലക്ഷം കോടിയായി കുറഞ്ഞു. 
 
എന്നാൽ ഈ സമയത്ത് തന്നെ 2000, 100, 50, 20 രൂപ നോട്ടുകൾ റിസർവ് ബാങ്ക് പുറത്തിറക്കിയിരുന്നു. പിന്നീട് 500ന്റെ പുതിയ നോട്ടും ഇറക്കി. എന്നിട്ടും ഡിസംബർ 9 ആയപ്പോൾ പ്രചരിക്കുന്ന നോട്ടുകളുടെ മൂല്യത്തിൽ കുറവ് തന്നെയാണ് അനുഭവപ്പെടുന്നത്. ഡിസംബർ ഒൻപതിന് 7.8 ലക്ഷം കോടി രൂപ മാത്രമാണ് പുറത്തുള്ള നോട്ടുകളുടെ മൂല്യം. അപ്പോഴും കഴിഞ്ഞ മാർച്ചിൽ ഉണ്ടായിരുന്നതിന്റെ മൂന്നിലൊന്നിലേറെ കുറവ്. 
 

വെബ്ദുനിയ വായിക്കുക