നിർഭയയുടെ ഓർമകൾക്ക് 5 വയസ്സ്; മാറാതെ ഇന്ത്യ

എസ് ഹർഷ

ശനി, 16 ഡിസം‌ബര്‍ 2017 (15:03 IST)
ഡൽഹിയിൽ 23കാരിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തെ തുടർന്ന് കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് അഞ്ച് വർഷം തികയുന്നു. അഞ്ച് വർഷം മുൻപ് ഇതേദിവസമായിരുന്നു സുഹൃത്തിനൊപ്പം സിനിമ കണ്ടിറങ്ങിയ പെൺകുട്ടി അതിക്രൂരമായി ബലാത്സം‌ഗം ചെയ്യപ്പെട്ടത്. നിർഭയ കൊല്ലപ്പെട്ടിട്ട് അഞ്ച് വർഷം തികഞ്ഞെ‌ങ്കിലും സമൂഹത്തിന് ഇപ്പോഴും മാറ്റമൊന്നുമില്ല. 
 
സുഹൃത്തിനൊപ്പം ആ രാത്രി ബസിൽ കയറുമ്പോൾ അവൾ അറിഞ്ഞിരുന്നില്ല അതൊരു ‘നരകവാഹന’മാണെന്ന്. സഹപാഠിയെ ബസിൽ നിന്നും തള്ളിയിട്ട് ബസിലുണ്ടായിരുന്ന ആറു പേർ അവളെ പിച്ചിച്ചീന്തി. 40 മിനിറ്റ് നീണ്ട പൈശാചികതയ്ക്കൊടുവിൽ അവളെ അവർ വഴിയരുകിലേക്ക് വലിച്ചെറിഞ്ഞു. ചോര വാർന്ന് ഒടുവിൽ 13 നാൾ ജീവനു വേണ്ടി മല്ലടിച്ച അവളെ രാജ്യം പിന്നീട് 'നിർഭയ' എന്ന് വിളിച്ചു. 
 
നിർഭയ എന്ന പെൺകുട്ടിയുടെ ഓർമകൾക്ക് മുന്നിൽപ്പോലും നാം തലകുനിക്കേണ്ടി വരുന്നു. കാലത്തിനു മായ്ക്കാൻ കഴിയാത്ത ഓർമയായി അവൾ ഇന്നും അവശേഷിക്കുന്നുവെങ്കിലും ഒരു മാറ്റവും വരുത്താനാകാതെ സമൂഹം അതേസ്ഥാനത്ത് തന്നെ നി‌ൽക്കുന്നു. നിർഭയയുടെ അമ്മ ആശാ ദേവി സിങിനും പറയാനുള്ളത് അതുതന്നെയാണ്. 
 
'ഓരോ ദിവസവും ഓരോ പെൺകുട്ടിയും ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന വാർത്തകൾ കേൾക്കുമ്പോൾ ഞാൻ അവളെ ഓർക്കും. എന്റെ മകളെ, അവൾ അനുഭവിച്ച ക്രൂരതയും തീവ്രവേദനയും ഭയവും ഓർമിക്കും. പിച്ചിചീന്തപ്പെട്ടെങ്കിലും അവൾ ഇപ്പോഴും ആശുപത്രിയിൽ ജീവനോടെ ഉണ്ടെന്ന് ഞാൻ ഓർക്കും. ഇരുൾ വീണ ആളൊഴിഞ്ഞ വഴികളെ എനിക്ക് ഇന്നും ഭയമാണ്' - ആശാ ദേവിയുടെ വാക്കുകളാണിത്. 
 
അതെ, ഇന്ത്യയിൽ ആശാ ദേവിയെന്ന സ്ത്രീയെപ്പോലെ ആധിപിടിക്കുന്ന അനേകം സ്ത്രീകളുണ്ട്. ആശ ദേവിയെന്ന അമ്മയെപ്പോലെ മകളെ ഓർത്ത് ഉരുകുന്ന അനേകം അമ്മമാരുണ്ട്. അതിൽ ജിഷയുടെ അമ്മയും സൗമ്യയുടെ അമ്മയും ഉണ്ട്. പെൺ‌മക്കളെ ചേർത്തുപിടിച്ച് വളർത്തുന്ന ഓരോ അമ്മമാരുടെയും അച്ഛന്മാരുടെയും നെഞ്ചിൽ ഇപ്പോഴും ഭയമാണ്. 
 
ഇന്ത്യൻ സമൂഹത്തെ വളരെയധികം ചിന്തിപ്പിച്ച കേസായിരുന്നു നിർഭയയുടേത്. ഒരു മനുഷ്യജീവിയോട് കാണിക്കാവുന്ന അങ്ങേയറ്റം ക്രൂരതയായിരുന്നു അവർ ആരു പേരും നിർഭയയോട് ചെയ്തത്. ക്രൂരതകൾ അവസാനിച്ചെങ്കിലും ശരീരത്തിൽ ജീവൻ മാത്രം നിലനിന്നു. മരിക്കാൻ അവൾക്ക് ആഗ്രഹമില്ലായിരുന്നു. ജീവൻ പിടിച്ചുനിർത്താൻ ഡോക്ടർമാരും ശ്രമിച്ചു. എല്ലാ ക്രൂരതകൾക്കും ഒടുവിൽ 13ആം ദിവസം അവൾ യാത്രയായി. 
 
നിർഭയയ്ക്ക് ശേഷം ഇനിയൊരു നിർഭയ ഉണ്ടാകരുതെന്ന് സമൂഹം വിളിച്ചു പറഞ്ഞു. അധികാരികൾ അവരുടെ പണികൾ ചെയ്തു തുടങ്ങി. നിരത്തുകളിൽ, ഇടവഴികളിൽ എല്ലായിടത്തും സി സി ടി വി ക്യാമറകൾ സ്ഥാപിച്ചു തുടങ്ങി. പൊലീസ് പെട്രോളിങ്ങ് ശക്തമാക്കി. എന്നിട്ടും പെൺകുട്ടികൾ ബലാത്സംഗം ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു. സ്ത്രീ ഇന്നും നിരത്തുകളിൽ സുരക്ഷിതയല്ല. ഇനിയെത്ര നാൾ ഇങ്ങനെ?...

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍