ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി എന്ന് നടപ്പാക്കും: മോഡിയോട് രാഹുല്‍
വെള്ളി, 14 ഓഗസ്റ്റ് 2015 (16:32 IST)
ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി നടപ്പാക്കുന്നത് എന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കണമെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി. പദ്ധതി എന്നു നടപ്പാക്കുമെന്നു പറഞ്ഞാൽ അപ്പോൾ തന്നെ ഈ സമരം അവസാനിക്കും. പ്രതിരോധ സേനയിലുള്ളവർ രാജ്യത്തിന്റെ അതിർത്തി കാത്തവരാണ്. അവരാണ് പ്രതിഷേധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിമുക്ത ഭടന്മാർ ജന്തർ മന്ദറിൽ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായെത്തിയതായിരുന്നു രാഹുൽ.
ജീവിതത്തിന്റെ ഭൂരിഭാഗവും അതിർത്തിയിൽ രാജ്യത്തിന് വേണ്ടി അർപ്പിച്ചവരാണ് വിമുക്ത ഭടന്മാർ. നിസ്വാർത്ഥമായ സേവനത്തിന് ശേഷം തങ്ങളുടെ അവകാശം നേടിയെടുക്കാൻ പ്രതിഷേധിക്കുന്ന വിമുക്ത ഭടന്മാരെ നിർബന്ധിച്ച് നീക്കം ചെയ്യാൻ ആർക്കുമാവില്ല. പദ്ധതി നടപ്പാക്കുന്നതിന് മുന്പ് അതിന്റെ സാങ്കേതിക വശങ്ങളെ കുറിച്ച് സർക്കാർ ചിന്തിക്കണം - രാഹുൽ പറഞ്ഞു.
സ്വാതന്ത്രസമര ചടങ്ങുകള്‍ നടക്കുന്നതിനാല്‍ രണ്ടുമാസത്തിലേറെയായി തുടരുന്ന ജന്തര്‍ മന്തറില്‍ നിരാഹാര സമരം ഒഴിപ്പിക്കാന്‍ ഡല്‍ഹി പൊലീസ് എത്തിയത് പ്രതിഷേധത്തിലേക്ക് എത്തിച്ചേര്‍ന്നിരുന്നു. ഒരു പന്തല്‍ പൊളിച്ചുമാറ്റിയതോടെ സമരക്കാര്‍ ശക്തമായ പ്രതിഷേധവുമായി രണ്ടാമത്തെ പന്തലില്‍ ഇരിപ്പുറപ്പിച്ചു. ഇതോടെ സമരക്കാരെ ഒഴിവാക്കാനായി പൊലീസ് നടത്തിയ അനുരജ്ഞന ശ്രമങ്ങളും വിജയിക്കാതെ പോകുകയായിരുന്നു.