ജനങ്ങളെ സ്വയം പര്യാപ്തരാക്കുകയാണ് തന്റെ ലക്ഷ്യം: മോഡി

വെള്ളി, 18 സെപ്‌റ്റംബര്‍ 2015 (15:08 IST)
പാവപ്പെട്ട ജനങ്ങളെ സ്വയം പര്യാപ്തരാക്കുകയാണ് ബിജെപി സര്‍ക്കാരിന്റെയും തന്റെയും ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അമ്പത് വര്‍ഷമായി വിവിധ സർക്കാരുകൾക്ക് സാധിക്കാത്തത് വെറും അമ്പത് മാസംകൊണ്ട് തനിക്ക് ചെയ്യാനാകും. പാവപ്പെട്ട ജനങ്ങളുടെ ജീവിതത്തെക്കുറിച്ച് നമ്മള്‍ ഏറെ സംസാരിക്കാറുണ്ടെങ്കിലും അവരുടെ ജീവിതത്തിന് യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും മോഡി പറഞ്ഞു.

രാത്രിയും പകലും നോക്കാതെ പാവപ്പെട്ട ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ച് സംസാരിക്കുകയും രാജ്യത്തെ ദാരിദ്രം ഇല്ലായ്മ ചെയ്യാനായുള്ള ശ്രമവും നമ്മള്‍ തുടരുകയാണ്. വരുന്ന യുവതലമുറയ്‌ക്ക് മികച്ച വിദ്യാഭ്യാസം നല്‍കിയാലെ ദാരിദ്രത്തിനെതിരെയുള്ള പോരാട്ടത്തില്‍ വിജയിക്കാന്‍ കഴിയു. ഏത് സാഹചര്യത്തിലും മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാന്‍ നമ്മള്‍ ശ്രമിക്കണമെന്നും മോഡി വ്യക്തമാക്കി.

രാജ്യത്ത് മികച്ച വിദ്യാഭ്യാസം ഏര്‍പ്പെടുത്തിയാല്‍ ലോകത്തുള്ള ഒരു ശക്തിക്കും നമ്മെ തടഞ്ഞു നിർത്താനാവില്ല. വരുന്ന തലമുറയിലേക്ക് ദാരിദ്രം പകര്‍ന്നു പോകാതിരിക്കാന്‍ വിദ്യാഭ്യാസം ആവശ്യമാണ്. ദാരിദ്രനിർമാജനത്തിനായി കൈക്കൊള്ളുന്ന നടപടികൾ ത്വരിതപ്പെടുത്തുമെന്നും മോഡി പറഞ്ഞു. ഏകദിന സന്ദർശനത്തിനായി തന്റെ ലോക്സഭാ മണ്ഡലമായ വരാണസിയില്‍ എത്തിയതായിരുന്നു അദ്ദേഹം.

വെബ്ദുനിയ വായിക്കുക