മുത്തലാഖ് നിരോധന ബില്‍ ഇന്ന് രാജ്യസഭയില്‍

ചൊവ്വ, 2 ജനുവരി 2018 (08:45 IST)
ലോക്‌സഭ പാസാക്കിയ മുത്തലാഖ് ബില്‍ ചൊവ്വാഴ്ച രാജ്യസഭ പരിഗണിക്കുമെന്ന് റിപ്പോര്‍ട്ട്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന കരട് ബില്ലിന് കേന്ദ്രമന്ത്രിസഭ നേരത്തേ അംഗീകാരം നല്‍കിയിരുന്നു. മുസ‌്‌ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്‍ എന്ന പേരിലാണു പാര്‍ലമെന്‍റില്‍ ഇതില്‍ അവതരിപ്പിച്ചത്. 
 
മൂന്നു തലാഖുകളും ഒറ്റത്തവണചൊല്ലി വിവാഹ മോചനം തേടുന്ന രീതിയാണ് മുത്തലാഖ്. മുത്തലാഖ് ചൊല്ലുന്ന പുരുഷനു മൂന്നുവര്‍ഷംവരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. അതേസമയം മുത്തലാഖിനെ കുറ്റകൃത്യമായി പ്രഖ്യാപിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ബില്ലിനെ എതിര്‍ത്ത് വിവിധ സ്ത്രീ സംഘടനകള്‍ രംഗത്ത് വന്നിരുന്നു ‍. 
 
ബില്ലുകള്‍ നിയമമാക്കുന്നതിന് മുന്‍പ് നന്നായി ആലോചിക്കണമെന്നും അവര്‍ വ്യക്തമാക്കി. സ്ത്രീകളുടെ സുരക്ഷയ്ക്കായി ഉണ്ടാക്കുന്ന ഈ നിയമം അവരെ തന്നെ ബാധിക്കുമെന്നാണ് ഈ സംഘടനയുടെ വാദം. 
അതേസമയം രാജ്യസഭ കൂടി ബില്‍ പാസാക്കിയാല്‍ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് മുസ്ലീം സംഘടനകള്‍.
 
ലോക്‌സഭയില്‍ ബില്‍ പരിഗണിച്ചപ്പോള്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന അഭിപ്രായം ഇടതുപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ടികള്‍ മുന്നോട്ടുവച്ചു. തൃണമൂല്‍ മാത്രമാണ് നിലവില്‍ പ്രതിപക്ഷനിരയില്‍ ബില്ലിനെ അനുകൂലിക്കുന്ന നിലപാട് സ്വീകരിക്കുന്നത്. മറ്റ് പ്രതിപക്ഷ പാര്‍ടികള്‍ യോജിച്ച് എതിര്‍ത്താല്‍ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍