ഫോണിലേക്ക് വന്ന കോൾ കൊലപാതകത്തിന് കാരണമായി; ഭർത്താവ് ഭാര്യയെ കാറിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി

വ്യാഴം, 27 ഒക്‌ടോബര്‍ 2016 (14:49 IST)
ഫോൺ വിളിയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ഡൽഹി മുൻ വനിതാ കമ്മീഷൻ അംഗം മഞ്ജു മോങ്കയാണ് (58) കാറിനുള്ളിൽവച്ച് അതിദാരുണയായി കൊല ചെയ്യപ്പെട്ടത്. കൊലപാതകത്തിനുശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവ് മുകേഷ് മോങ്കയെ (60) നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

തെക്കൻ ഡൽഹിയിലെ ആനന്ദ് നികേതനിൽ ബുധനാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. മഞ്ജു ജോലി ചെയ്യുന്ന സ്‌ഥാപനത്തിന്റെ മുന്നിലായിരുന്നു സംഭവം. ജോലിസ്ഥലത്തേക്ക് കൊണ്ടുപോകാമെന്നു പറഞ്ഞ് മുകേഷ് മഞ്ജുവിനെ കാറിൽ കയറ്റി. യാത്രയ്ക്കിടയിൽ ഇരുവരും തമ്മിൽ വഴക്കിടുകയും മുകേഷ് കാറിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് മഞ്ജുവിനെ കുത്തുകയുമായിരുന്നു.

കഴുത്തിലും ശരീരത്തിലും നിരവധി തവണ കുത്തി. മഞ്ജുവിന്റെ തലയറുക്കാനും ശ്രമിച്ചു. ഇവരുടെ കഴുത്തിലും മാറിലും ഒമ്പതു തവണ കുത്തേറ്റിട്ടുണ്ട്. സംഭവശേഷം കാറിൽനിന്നും മുകേഷ് ഇറങ്ങി ഓടി. നാട്ടുകാർ പിന്തുടർന്നപ്പോൾ സമീപത്തെ സ്കൂളിലേക്ക് ഓടിക്കയറി. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

മഞ്ജുവിന്റെ ഫോൺ വിളിയെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് മുകേഷ് പൊലീസിനോട് പറഞ്ഞു. ഭാര്യയുടെ ഫോണിലേക്ക് വന്ന കോൾ ആരുടേതാണന്നു ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

വെബ്ദുനിയ വായിക്കുക