താനെയില്‍ കുടുംബത്തിലെ പതിനാലു പേരെ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് പൊലീസ്
ചൊവ്വ, 1 മാര്‍ച്ച് 2016 (10:02 IST)
താനെയില്‍ കുട്ടികളടക്കം കുടുംബത്തിലെ പതിനാലു പേരെ കൊലപ്പെടുത്തിയശേഷം യുവാവ് ആത്മഹത്യ ചെയ്ത സംഭവം മുന്‍കൂട്ടി ഒരുക്കിയ പദ്ധതിയാണെന്ന് സംശയിക്കുന്നതായി താനെ പൊലീസ് വ്യക്തമാക്കി. താനെയിലെ വഡ്‌ബലി ഗോഡ്‌ബന്ദറിലാണ് ഞായറാഴ്ച പുലര്‍ച്ചെ ലോകത്തെ നടുക്കിയ ഈ സംഭവം നടന്നത്. ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായ ഹസ്നൈന്‍ വരെക്കറാണ് ഒരു സഹോദരി ഒഴികെ കുടുംബത്തിലെ മുഴുവന്‍ പേരെയും കൊലപ്പെടുത്തിയത്.
സഹോദരിമാരെയും മരുമക്കളെയും ശനിയാഴ്ച രാത്രി വീട്ടില്‍ വിരുന്നിന് വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ സഹോദരിമാരുടെ ഭര്‍ത്താക്കന്മാരോട് ഞായറാഴ്ച ഉച്ചക്ക് എത്തിയാല്‍ മതിയെന്നാണ് ഹസ്നൈന്‍ ആവശ്യപ്പെട്ടത്. മടിച്ചുനിന്ന സഹോദരി സുബിയാ ബാര്‍മറെ ശനിയാഴ്ച വൈകീട്ട് നിര്‍ബന്ധിച്ചാണ് വീട്ടില്‍ വരുത്തിയതെന്നും പൊലീസ് പറഞ്ഞു. കഴുത്തിന് മുറിവേറ്റെങ്കിലും സുബിയാ രക്ഷപ്പെടുകയായിരുന്നു.സഹോദരിമാര്‍ക്കും അവരുടെ ഭര്‍ത്താക്കന്മാര്‍ക്കും പുറമെ അമ്മാവനെയും മറ്റു ബന്ധുക്കളെയും വിരുന്നിന് ക്ഷണിച്ചെങ്കിലും അവരോട് ഞായറാഴ്ച ഉച്ചക്കെത്തിയാല്‍ മതിയെന്നാണ് ഹസ്നൈന്‍ ആവശ്യപ്പെട്ടത്. രാത്രി ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷമാകാം കൊലപാതകം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. കൊലപാതകത്തിനുശേഷം തൂങ്ങിമരിക്കാന്‍ ഹസ്നൈന്‍ ഉപയോഗിച്ച കയര്‍ പുതിയതാണെന്നും പൊലീസ് വ്യക്തമാക്കി. മനോരോഗത്തിനുള്ള മരുന്നുകള്‍ അദ്ദേഹത്തിന്റെ മുറിയില്‍നിന്ന് കണ്ടത്തെിയതായും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
ഇതിനുമുമ്പും ഹസ്നൈന്‍ കൊലപാതകം നടത്താന്‍ ശ്രമം നടത്തിയിരുന്നുയെന്നു സഹോദരി പറഞ്ഞു. ഒരിക്കല്‍ ഒരു മന്ത്രവാദി നല്‍കിയതെന്നു പറഞ്ഞ് വീട്ടുകാരെ എന്തോ ദ്രാവകം കുടിപ്പിക്കുകയും അടുത്ത ദിവസംവരെ എല്ലാവരും ഉറങ്ങിപ്പോകുകയും ചെയ്ത സംഭവവും നടന്നതായി അയല്‍ക്കാര്‍ പൊലീസിന് മൊഴിനല്‍കി. ഭാര്യയെയും ആറും മൂന്നും വയസ്സുള്ള പെണ്‍മക്കളെയും പതിനാറിനും നാലിനുമിടയില്‍ പ്രായമുള്ള ആറു മരുമക്കളെയും മൂന്നു സഹോദരിമാരെയും അന്‍പത്തിയഞ്ചുകാരനായ പിതാവിനെയും അന്‍പതുകാരിയായ മാതാവിനെയുമാണ് ഹസ്നൈന്‍ കൊലപ്പെടുത്തിയത്.