സഹപ്രവര്‍ത്തകയോടൊപ്പം സഞ്ചരിച്ചതിന് യുവാവിനെ സദാചാര ഗുണ്ടകള്‍ നഗ്‌നാക്കി കെട്ടിയിട്ടു

ചൊവ്വ, 25 ഓഗസ്റ്റ് 2015 (16:07 IST)
മംഗലാപുരത്ത് സഹപ്രവര്‍ത്തകയോടൊപ്പം സഞ്ചരിച്ചതിന് യുവാവിനെതിരെ സദാചാര ഗുണ്ടകളുടെ ആക്രമണം. സഹപ്രവര്‍ത്തകയോടൊപ്പം യാത്ര ചെയ്തതിന് യുവാവിനെ നഗ്‌നാക്കിയ ശേഷം പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും ചെയ്തു. ഇതര മതത്തില്‍പ്പെട്ട യുവതിയോടൊപ്പം യുവാവ് യാത്ര ചെയ്തതാണ് സദാചാര പൊലീസുകാരെ ചൊടിപ്പിച്ചത്.
 
സംഭവത്തിനു പിന്നില്‍ ബംജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകരാണ്. മുപ്പതോളം പേരടങ്ങിയ സംഘമാണ് സംഭവത്തിനു പിന്നില്‍. കാറില്‍ പോകുകയായിരുന്ന യുവാവിനെയും യുവതിയെയും തടഞ്ഞു നിര്‍ത്തിയായിരുന്നു സദാചാര ഗുണ്ടകളുടെ ആക്രമണം.
 
ഒരു മണിക്കൂറോളം നീണ്ട ആക്രമണം അക്രമിസംഘം തന്നെ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 13 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ് അക്രമത്തിന് ഇരയായത്.
 
പണമെടുക്കുന്നതിനായി ഇരുവരും എ ടി എമ്മിലേക്ക് പോകുന്നതിന് ഇടയിലായിരുന്നു സംഭവം.

വെബ്ദുനിയ വായിക്കുക