പ്രധാനമന്ത്രി ജപ്പാനില്‍; ‘സന്ദര്‍ശനം പുതിയ അധ്യായം രചിക്കും’

ശനി, 30 ഓഗസ്റ്റ് 2014 (09:22 IST)
അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി ജപ്പാനിലെത്തി. സന്ദര്‍ശനം പുതിയ അധ്യായം രചിക്കുമെന്ന് നരേന്ദ്രമോഡി. ഇന്ത്യയുടെ വികസനത്തിന് ജപ്പാന്റെ സഹകരണം പരമപ്രധാനമാണെന്നും പ്രതിരോധം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുമെന്നും മോഡി വ്യക്തമാക്കി. കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റലി. സുഷമ സ്വരാജ്, നിഥിന്‍ ഗഡ്കരി, നിര്‍മ്മല സീതാരാമന്‍ എന്നിവരും നരേന്ദ്രമോഡിയെ അനുഗമിക്കുന്നുണ്ട്. 
 
ഇന്ത്യ ജപ്പാന്‍ ഉഭയകക്ഷി ബന്ധത്തില്‍ തന്റെ സന്ദര്‍ശനം പുതിയ അധ്യായം രചിക്കുമെന്നാണ് നരേന്ദ്രമോഡിയുടെ പ്രഖ്യാപനം. സന്ദര്‍ശനത്തില്‍ ഒപ്പ് വച്ചേക്കാവുന്ന പ്രതിരോധ കരാര്‍ തന്നെയാണ് ഇരു രാജ്യങ്ങള്‍ക്കിടയിലും പരമപ്രധാനം. ജപ്പാനിലെപ്രധാന നഗരവും മുന്‍ തലസ്ഥാനവുമായ ക്യൂട്ടോയിലാണ് മോഡി ആദ്യം സന്ദര്‍ശനം നടത്തുക. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയും മോഡിയ്ക്ക് ഒപ്പമുണ്ടാകും. ക്യൂട്ടോ പ്രവിശ്യ ഗവര്‍ണറെയും മേയറെയും മോഡി സന്ദര്‍ശിക്കും. തന്റെ സ്വപ്‌ന പദ്ധതിയായ സ്മാര്‍ട്ട് നഗരങ്ങള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ജപ്പാന്റെ സാങ്കേതിക സാമ്പത്തിക സഹായത്തിന് നേതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തും.
 
നാളെ ക്യുട്ടോയില്‍നിന്ന് ടോക്കിയോയിലേയ്ക്ക് പോകുന്ന മോഡി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുമൊത്ത് സംയുക്ത പ്രസ്താവന നടത്തും. നയതന്ത്രബന്ധം മെച്ചപ്പെടുത്തതടക്കം സുപ്രധാനവിഷയങ്ങളില്‍ നാളെ ജപ്പാന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തും. ശേഷം ഇരുവരും സംയുക്ത പ്രസ്താവന നടത്തും.
 
അഞ്ച് ദിവസത്തെ സന്ദര്‍ശനത്തില്‍ ജപ്പാന്‍ രാജാവിനെയും നരേന്ദ്രമോഡി കാണുന്നുണ്ട്. ജപ്പാനിലെ രാഷ്ട്രീയ നേതാക്കള്‍,വിദ്യാര്‍ഥികള്‍ പൊതുജനങ്ങള്‍ എന്നിവരുമായും മോഡി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. ഇത് ആദ്യമായാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് പുറത്തുളള രാജ്യത്ത് പ്രധാനമന്ത്രി സന്ദര്‍ശനത്തിന് എത്തുന്നത്. അഞ്ച് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി സെപ്തംബര്‍ മൂന്നിന് മോഡി ഇന്ത്യയിലേയ്ക്ക് തിരിക്കും.

വെബ്ദുനിയ വായിക്കുക