മോഡിയുടെ ഭരണത്തില്‍ ശരാശരി ഇന്ത്യക്കാരന്‍ സന്തുഷ്ടനാണെന്ന് വെങ്കയ്യ നായിഡു
നരേന്ദ്രമോഡിയുടെ ഒരു വര്‍ഷത്തെ ഭരണത്തില്‍ ശരാശരി ഇന്ത്യക്കാരന്‍ സന്തുഷ്ടനാണെന്നും രാജ്യത്തിന്റെ അഭിമാനം ഏറെ ഉയര്‍ന്നതായും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ചെറിയ ഒരു വിഭാഗം മാത്രമാണ് ഭരണം നിരാശാജനകമാണെന്ന് പറയുന്നത്. അധികാരം മറ്റ് രീതിയില്‍ ആസ്വദിക്കുന്നവരാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്നോടിയായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുതിര്‍ന്ന ബിജെപി നേതാവ് കൂടിയായ വെങ്കയ്യ നായിഡു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് രാജ്യത്ത് നടന്നത് കളവും കൊള്ളയും വഞ്ചനയുമായിരുന്നു. രാജ്യത്ത് നിരാശയുടെ അന്തരീക്ഷമായിരുന്നു യുപിഎ സര്‍ക്കാര്‍ സൃഷ്ടിച്ചത്. അതില്‍ നിന്നും ആവേശത്തിന്റെ അന്തരീക്ഷമൊരുക്കാന്‍ എന്‍ഡിഎ സര്‍ക്കാരിനായി. സാമ്പത്തികമായും രാജ്യം മെച്ചപ്പെട്ടു. നിക്ഷേപങ്ങളും വന്നു തുടങ്ങിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പാവങ്ങളെയും കര്‍ഷകരെയും യുവജനങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.