നോട്ട് നിരോധനത്തിലൂടെ ഇന്ത്യയെ ഹിരോഷിമയും നാഗസാക്കിയുമാക്കി മാറ്റുകയാണ് മോദി ചെയ്തത്: ശിവസേന

ബുധന്‍, 18 ജനുവരി 2017 (14:46 IST)
നോട്ട് നിരോധിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് ബിജെപിയുടെ സഖ്യകക്ഷി കൂടിയായ ശിവസേന രംഗത്ത്. നോട്ട്നിരോധനം എന്ന ബോംബിട്ട് പ്രധാനമന്ത്രി രാജ്യത്തെ ഹിരോഷിമയും നാഗസാക്കിയുമാക്കി മാറ്റിയെന്നും ആരെയും വകവയ്ക്കാതെ ഒറ്റയ്ക്ക് തീരുമാനങ്ങളെടുക്കുകയാണ് മോദി ചെയ്യുന്നതെന്നും ശിവസേന വിമര്‍ശിച്ചു.
 
തങ്ങളുടെ മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലൂടെയാണ് ശിവസേന മോദിയെ കടന്നാക്രമിച്ചത്. ആര്‍ക്കും ചെവികൊടുക്കാന്‍ തയാറാവാത്ത മോദി റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഉപദേശം പോലും നോട്ടു നിരോധനത്തില്‍ ചെവിക്കൊണ്ടില്ല. 86 ശതമാനം നോട്ടുകളും പിന്‍വലിച്ച ഈ തീരുമാനം രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെതന്നെ അരാജകത്വത്തിലേക്ക് തള്ളിവിടുകയാണ് ചെയ്തതെന്നും അവര്‍ ആരോപിച്ചു.
 
എതിര്‍ശബ്ദയുരാതിരിക്കാന്‍ കാഴ്ചയും കേള്‍വിയുമില്ലാത്ത തത്തകളെ മന്ത്രിസഭയിലേക്ക് തിരഞ്ഞെടുത്ത പോലെയാണ് മോദി റിസര്‍വ് ബാങ്ക് ഗവര്‍ണറെ തിരഞ്ഞെടുത്തതെന്നും ശിവസേന ആരോപിച്ചു. നവംബര്‍ 8ന് പ്രധാനമന്ത്രി 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ നിരോധിച്ചതുമുതല്‍ ശിവസേന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുണ്ട്.
 
 
 
 

വെബ്ദുനിയ വായിക്കുക