ഞാന്‍ ആകാശത്തു നിന്ന് പൊട്ടിമുളച്ചതല്ല, കര്‍ഷകന്റെ വേദന എനിക്ക് നന്നായറിയാം: മോഡി
ശനി, 4 ഏപ്രില്‍ 2015 (11:44 IST)
കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ വികാരം വ്രണപ്പെടുത്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഞാന്‍ ആകാശത്തു നിന്ന് പൊട്ടിമുളച്ചതല്ല, ദരിദ്ര കുടുംബത്തില്‍ പിറന്ന് കഷ്ടതകളോട് പടവെട്ടി ഉയര്‍ന്നുവന്ന തനിക്ക് രാജ്യത്തെ പാവപ്പെട്ട കര്‍ഷകന്റെ വേദന നന്നായറിയാമെന്നും അവര്‍ക്ക് ദ്രോഹമായതൊന്നും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവില്ലെന്നും മോഡി പറഞ്ഞു.
ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തോടനുബന്ധിച്ച് വമ്പന്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.കേന്ദ്ര സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ ബില്‍ കര്‍ഷകരെ ദ്രോഹിക്കുന്നതാണെന്ന കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് മറുപടി പറയുകയായിരുന്നു മോഡി. രാജ്യത്ത് രണ്ടാം ഹരിത വിപ്ളവമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ ചിലര്‍ കര്‍ഷകനു വേണ്ടി മുതലക്കണ്ണീരൊഴുക്കുന്നത് വെറും രാഷ്ട്രീയത്തട്ടിപ്പാണെന്നും അവര്‍ക്ക് കര്‍ഷകന്റെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മനസിലാവില്ലെന്നും മോഡി പറഞ്ഞു.
കള്ളപ്പണം തിരികെയെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. കള്ളപ്പണത്തിനെതിരെ സര്‍ക്കാരെടുത്ത കടുത്ത നടപടികളെ തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ നാവടപ്പിക്കാന്‍ കഴിഞ്ഞു. മൊബൈല്‍ ഗവേര്‍ണന്‍സിലേക്ക് രാജ്യത്തെ എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പത്തു വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ രാജ്യത്തിന് സംഭവിച്ച തിരിച്ചടികള്‍ പത്തു മാസം കൊണ്ട് പരിഹരിച്ചു വരികയാണ്. കാലാവസ്ഥ മാറിക്കഴിഞ്ഞു. പുരോഗതിയിലേക്കുള്ള പാത തെളിഞ്ഞിരിക്കുന്നു. നിരാശ മാറി പ്രതീക്ഷയിലേക്ക് നാമെത്തി. ഇനി പിന്നോട്ടു പോകേണ്ട ഒരു സാഹചര്യവുമില്ല.സര്‍ക്കാര്‍ ഓരോന്നു ചെയ്യുമ്പോഴും കോണ്‍ഗ്രസ് പറയുന്നു, അവരത് ചെയ്യാനിരുന്നതാണെന്ന്. ഇത് ആര്‍ക്കും പറയാം. മനസില്‍ കൊണ്ടു നടന്നിട്ടു കാര്യമില്ല, അത് നടപ്പാക്കണമെങ്കില്‍ ഇച്ഛാശക്തി വേണം - നീണ്ട കരഘോഷത്തിനിടെ മോഡി പറഞ്ഞു.