ഒരുവര്‍ഷത്തിന്റെ മോഡിസര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടില്ല: അമിത് ഷാ
ചൊവ്വ, 26 മെയ് 2015 (13:03 IST)
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മോഡി സർക്കാരിനെതിരെ ഒരു അഴിമതിയും ഉയർന്നുവന്നിട്ടില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ഒരു വർഷം പൂർത്തിയാക്കുന്ന എൻഡിഎ സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി വേരോടെ പിഴുതെറിയുമെന്ന് ഈ സർക്കാർ ജനങ്ങൾക്ക് ഉറപ്പു നൽകിയിരുന്നു. കള്ളപ്പണം തടയാനായി നിയമം കൊണ്ടുവന്നു. കള്ളപ്പണം തിരികെ രാജ്യത്തേക്ക് കൊണ്ടുവരുമെന്ന ദൃഢനിശ്ചയം സർക്കാർ എടുത്തു കഴിഞ്ഞതാണ്. കള്ളപ്പണം തിരികെയെത്തിക്കാൻ കോൺഗ്രസ് സർക്കാർ അധികാരത്തിലിരുന്നപ്പോൾ എന്താണ് ചെയ്തതെന്നും അമിത് ഷാ ചോദിച്ചു. പ്രധാനമന്ത്രിയുടെ ഓഫിസിനുമേൽ ജനങ്ങൾക്കുണ്ടായിരുന്ന വിശ്വാസം വീണ്ടെടുക്കാനായത് എൻഡിഎ സർക്കാരിന്റെ വിജയമാണെന്നും ഷാ പറഞ്ഞു.
സുതാര്യവും ഊർജസ്വലവുമായ സർക്കാരാണിത്. ലോകം ഇന്നു ഇന്ത്യയെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. പാവപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനായി ഒട്ടേറെ പ്രവർത്തനങ്ങൾ സർക്കാരിന് ചെയ്യാനായി. കർഷക ആത്മഹത്യകൾ തടയാൻ സർക്കാരിന് കഴിഞ്ഞതായും ഷാ പറഞ്ഞു.