ഒറ്റ വര്‍ഷം കൊണ്ട് യാത്രക്കായി മോഡി പൊടിച്ചത് 37 കോടി രൂപ

തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2015 (12:38 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദേശ പരട്യനത്തിന് ഒരു വർഷത്തിനിടെ ചെലവായത് 37 കോടി രൂപയെന്നു കണക്കുകൾ. 16 രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ നിന്ന് ലഭിച്ച വിവരാവകാശ നിയമപ്രകാരമുള്ള രേഖയിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. 2014 ജൂണ്‍ മുതല്‍ 2015 ജൂണ്‍ വരെയുള്ള കണക്കാണിത്.  കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ തുക ചെലവായത് ഓസ്ട്രേലിയൻ സന്ദർശനത്തിനാണ്. എട്ടുകോടിലധികം, ഏറ്റവും കുറഞ്ഞ ചിലവ് ഭൂട്ടാന്‍ സന്ദര്‍ശനത്തിലും 41.33 ലക്ഷം.

മോഡിയുടെ ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തില്‍  5.60 കോടി രൂപ പ്രധാനമന്ത്രിയുടേയും സംഘത്തിന്റേയും ഹോട്ടല്‍ താമസത്തിനും 2.40 കോടി കാര്‍ വാടകയ്ക്കും ചെലവായി.  ഓസ്ട്രേലിയ (8.91 കോടി), യുഎസ് (6.13 കോടി), ജർമനി (2.92 കോടി), ഫിജി (2.59 കോടി), ചൈന (2.34 കോടി) പട്ടികയിലെ ആദ്യ അഞ്ചു രാജ്യങ്ങൾ ഇവയാണ്. അധികാരത്തിലേറി ഒരു വർഷത്തിനിടെ 17 രാജ്യങ്ങൾ സന്ദർശിക്കുന്നതിനായി 53 ദിവസങ്ങളാണ് മോഡിക്ക് വേണ്ടിവന്നത്.

ലോകേഷ് ബത്രയെന്ന റിട്ട.കമാന്‍ഡറാണ് വിവരാവകാശ നിയമപ്രകാരം കണക്കുകള്‍ ആവശ്യപ്പെട്ടത്. ഇദ്ദേഹം പുറത്തു വിട്ട കണക്കുകളാണിത്. എന്നാല്‍ 20 രാജ്യങ്ങള്‍ മോഡി സന്ദര്‍ശിച്ചിരുന്നു എങ്കിലും ജപ്പാൻ, ശ്രീലങ്ക, ഫ്രാൻസ്, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിലെ സന്ദർശനത്തിന്റെ കണക്കുകൾ പുറത്തുവിട്ടിട്ടില്ല. ഈ രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ കണക്കുകള്‍ നല്‍കാന്‍ വിസമ്മതിച്ചതാണ് ഇതിനു കാരണം.

സര്‍ക്കാരിന്റെ ആദ്യ 365 ദിവസങ്ങളില്‍ 53 ദിവസവും പ്രധാനമന്ത്രി വിദേശത്തായിരുന്നു. 17 രാജ്യങ്ങളാണ് അദ്ദേഹം ഈ കാലയളവില്‍ സന്ദര്‍ശിച്ചത്. രണ്ടാം യു.പി.എ സര്‍ക്കാരിന്റെ ആദ്യ വര്‍ഷവും വിഭിന്നമായിരുന്നില്ല. അന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആദ്യ വര്‍ഷം 47 ദിവസങ്ങള്‍ കൊണ്ട് 12 രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക