മണിപ്പൂരിലെ ഭീകരാക്രമണത്തിന് ചുട്ട മറുപടി, മ്യാന്‍മര്‍ കടന്ന് ഇന്ത്യന്‍ സൈന്യം തീവ്രവാദികളെ അമര്‍ച്ച ചെയ്തു

ചൊവ്വ, 9 ജൂണ്‍ 2015 (19:27 IST)
മണിപ്പൂരിൽ സുരക്ഷാ സൈന്യത്തെ ആക്രമിച്ച തീവ്രവാദികൾക്കെതിരെ ഇന്ത്യയും  മ്യാൻമറും സംയുക്തമായി നടത്തിയ സൈനിക നീക്കത്തിൽ നിരവധി തീവ്രവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ജൂൺ 4 ന് സൈന്യത്തിനെതിരെ ആക്രമണം നടത്തിയ എൻ എസ് സി എൻ - ഉൾഫ തീവ്രവാദികൾ മ്യാൻമർ അതിർത്തിയിലേക്ക് കടന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ടായിരുന്നു . രഹസ്യാന്യേഷണ വിഭാഗം നല്‍കിയ വിവരത്തെ തുടര്‍ന്ന് നാഗാലാന്‍ഡ്, മണിപ്പുര്‍ എന്നിവിടങ്ങളില്‍ മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ സൈന്യം ആക്രമണം നടത്തുകയായിരുന്നു.

എന്നാല്‍ ശക്തമായ ആക്രമണത്തിനുമുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ മ്യാന്‍മാറിലേക്ക് കടന്ന തീവ്രവാദികളെ അതിര്‍ത്തികടന്നു ചെന്ന് ഇന്ത്യന്‍ സൈന്യം ആക്രമിക്കുകയായിരുന്നു,അയല്‍ രാജ്യത്തിന്റെ മണ്ണില്‍ കയറിയുള്ള ഇന്ത്യന്‍ സൈനിക നീക്കത്തിന് , മ്യാന്‍മാറിന്റെ മൗനാനുവാദമുണ്ടായിരുന്നു. മ്യാൻമർ സൈന്യത്തിന്റെ സഹകരണത്തോടെയാണ് ഓപ്പറേഷൻ നടത്തിയതെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.

തീവ്രവാദികൾ അടുത്ത ആക്രമണത്തിന് തയ്യാറെടുക്കവേയാണ്  സൈന്യം പ്രത്യാക്രമണം നടത്തിയത് . ഇന്ന് രാവിലെ നടത്തിയ ആക്രമണത്തിൽ  നാഗാലാൻഡ് - മണിപ്പൂർ അതിർത്തികളിലായി തമ്പടിച്ചിരുന്ന രണ്ട് ഗ്രൂപ്പുകളെ പൂർണമായും തകർത്തതായി സൈന്യം പത്രക്കുറിപ്പിൽ അറിയിച്ചു.കഴിഞ്ഞ വ്യാഴാഴ്ച തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. സൈന്യത്തിന്റെ മിന്നലാക്രമണത്തില്‍ നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ വ്യാഴാഴ്ച വിഘടനവാദികളായ തീവ്രവാദസംഘടന നടത്തിയ ആക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അതേസമയം മണിപ്പൂരിലെ ചാന്ദല്‍ ജില്ലയില്‍ നടന്ന ആക്രമണങ്ങളില്‍ ഭീകരര്‍ക്ക് മ്യാന്‍മര്‍ സൈന്യത്തിന്റെ സഹായം ലഭിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മ്യാന്‍മറിലെ ഒരു വിഭാഗം സൈനിക മേധാവികളാണ് കൂട്ടക്കൊല നടത്തിയ തീവ്രവാദികള്‍ക്ക് ആധുനിക ആയുധങ്ങളില്‍ പരിശീലനം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

തുടര്‍ന്നാണ് അത്യാധുനിക ആയുധങ്ങളുമായി മാവോയിസ്റുകള്‍ മണിപ്പൂരിലെ ഉള്‍ക്കാട്ടിലെത്തി സൈനികരെ ആക്രമിച്ചതെന്നും ഇന്റലിജന്‍സ് കണ്ടെത്തി. ആക്രമണത്തിനു ശേഷം സ്ഥലത്തു നിന്നും രക്ഷപെട്ട മാവോയിസ്റുകള്‍ മ്യാന്‍മര്‍ സൈനിക ഉദ്യോഗസ്ഥരുടെ സംരക്ഷണയില്‍ ഒളിവിലാണെന്നാണു റിപ്പോര്‍ട്ടുണ്ട്. അതിനിടെയാണ് മ്യാന്മര്‍ സൈന്യത്തെ തന്നെ കൂട്ട് പിടിച്ച് ഇന്ത്യന്‍ സൈന്യം അതിര്‍ത്ത് കടന്ന് ആക്രമണം നടത്തിയത്.

വെബ്ദുനിയ വായിക്കുക