24 മണിക്കൂറിനകം ഇബോബി സിംഗ് രാജിവെക്കും; സർക്കാരുണ്ടാക്കാൻ ആരെയും ക്ഷണിച്ചിട്ടില്ലെന്ന് രാജ്ഭവൻ
തിങ്കള്‍, 13 മാര്‍ച്ച് 2017 (19:24 IST)
ചൊവ്വാഴ്ച രാജിവയ്ക്കുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗ്. പുതിയ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ ആരംഭിക്കുന്നതിന് മുന്നോടിയായി നിലവിലെ മുഖ്യമന്ത്രി രാജിവയ്ക്കാന്‍ ഗവർണർ നജ്മ ഹിബ്തുല്ല ആവശ്യപ്പെട്ടതിന് ഇബോബി സിംഗിന്റെ ഈ പ്രസ്താവന.
അതേസമയം, ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിനെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചുവെന്ന വാർത്ത രാജ്ഭവൻ തള്ളി. എന്നാല്‍, സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് കോണ്‍ഗ്രസ് ആവശ്യം ഉന്നയിക്കുക മാത്രമാണ് ചെയ്തതെന്ന് ഗവര്‍ണറുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.
മണിപ്പൂരിലെ 60 അംഗ സഭയിൽ 31 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 28 സീറ്റുകൾ നേടി കോൺഗ്രസ് ഒറ്റകക്ഷിയായെങ്കിലും ഇതുവരെ മറ്റാരുടെയും പിന്തുണ ലഭിച്ചിട്ടില്ല. 21 സീറ്റ് നേടിയ ബി.ജെ.പിക്ക് നാല് സീറ്റുകളുള്ള നാഷനല്‍ പീപ്ള്‍സ് പാര്‍ട്ടിയും ഒരു സീറ്റുള്ള ലോക് ജന്‍ശക്തി പാര്‍ട്ടിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
15 വർഷമായി കോൺഗ്രസ് തട്ടകമായ മണിപ്പൂരിനെ നഷ്ടപ്പെട്ടാൽ അത് പാർട്ടിക്ക് കനത്ത ആഘാതമാണ് ഉണ്ടാക്കുക. അതിനാൽ ഭരണം നിലനിർത്താനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുക.