ഇന്ത്യയുടെ പ്രഥമ ഗോളാന്തര ദൌത്യമായ മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്‍ അഥവാ മംഗള്‍യാന്‍ ചൊവ്വയുടെ കൃത്യതയാര്‍ന്ന ചിത്രങ്ങള്‍ വീണ്ടും അയച്ചു. ഇക്കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് അയച്ച അതേ പ്രദേശങ്ങളുടെ കൂടുതല്‍ വ്യക്തതയാര്‍ന്ന ചിത്രങ്ങളാണ് അയച്ചിരിക്കുന്നത്.
മംഗള്‍യാനിലെ മാഴ്‌സ് കളര്‍ ക്യാമറ എടുത്ത ചിത്രങ്ങളാണിവ. ചൊവ്വയില്‍ വന്‍ അഗ്നിപര്‍വതമായ ആര്‍സിയ മോണ്‍സിന്റെ ത്രിമാനചിത്രം പേടകം നേരത്തെ അയച്ചിരുന്നു, കൂട്ടത്തില്‍ അയച്ച വാലീസ് മറീനെറീസ് തടത്തിന്റെ കൂടുതല്‍ ചിത്രങ്ങളാണ് ഇത്തവണ അയച്ചിരിക്കുന്നത്. കദേശം 4000 കിലോമിറ്റര്‍ നീളത്തില്‍ പരന്നു കിടക്കുന്ന ഈ തടത്തിന് 200 കിലോമീറ്റര്‍ വീതിയും ഏഴ് കിലോമീറ്റര്‍ ആഴവുമുണ്ട്.
കൂടാതെ ചൊവ്വാ പ്രതലത്തിന്റെ തിരിമാന ചിത്രവും അയച്ച കൂട്ടത്തില്‍ ഉണ്ട്. മംഗള്‍യാനിലെ മാര്‍സ് കളര്‍ ക്യാമറ എടുത്ത ചൊവ്വാ പ്രതലത്തിന്റെ ദൃശ്യങ്ങള്‍ കൂട്ടി യോജിപ്പിച്ചാണ് ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്. 2013 നവംബര്‍ അഞ്ചിനാണ് ശ്രീഹരിക്കോട്ടയിലെ സതീശ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് വിക്ഷേപിക്കപ്പെട്ടത്. 2014 സപ്തംബര്‍ 24-ന് രാവിലെയാണ് മംഗള്‍യാനെ ചൊവ്വയെ ചുറ്റാനുള്ള പഥത്തില്‍ കയറ്റിയത്.
2015 മാര്‍ച്ച് 24-ന് അവിടെ ആറുമാസം പിന്നിടുന്നു. ചൊവ്വയിലെ മീഥേന്‍ വാതകത്തിന്റെ സാന്നിധ്യത്തേക്കുറിച്ച് പഠിക്കാനാണ് പേടകത്തെ വിക്ഷേപിച്ചിരിക്കുന്നത്. നിലവില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചൊവ്വയില്‍ മീഥേന്‍ ഉണ്ടെന്നാണ് പേടകം കണ്ടെത്തിയിരിക്കുന്നത്. വികിരണ മാപ്പുകളുടെ സഹായത്തൊടെ എത്ര അളവ് മീഥേന്‍ ഉണ്ടെന്ന് കണ്ടെത്താന്‍ സാധിക്കും.