മധ്യവയസ്‌കന്റെ എക്‌സ്-റേ കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍, വയറിനുള്ളില്‍ ചില്ല് ഗ്ലാസ്; ചായ കുടിച്ചപ്പോള്‍ വിഴുങ്ങിയതാണെന്ന് രോഗി !

ചൊവ്വ, 22 ഫെബ്രുവരി 2022 (14:26 IST)
ചായ കുടിക്കുന്നതിനിടെ ഗ്ലാസ് വിഴുങ്ങിയ 55 കാരനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ബിഹാറിലാണ് സംഭവം. തുടര്‍ച്ചയായ വയറുവേദനയും മലബന്ധം മൂലമുള്ള അസ്വസ്ഥതയും ഉണ്ടായതിനെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എക്‌സ്-റേ റിപ്പോര്‍ട്ട് കണ്ടപ്പോള്‍ ഡോക്ടര്‍മാര്‍ ഞെട്ടി. ഒരു ഗ്ലാസ് വയറിനുള്ളില്‍ തടസ്സമായി കിടക്കുന്നു. ഉടന്‍ തന്നെ എന്‍ഡോസ്‌കോപി ചെയ്ത് പുറത്തെടുക്കാന്‍ ശ്രമം നടന്നെങ്കിലും വിജയം കണ്ടില്ല. ഒടുവില്‍ വയര്‍ കീറിയാണ് ഗ്ലാസ് പുറത്തെടുത്തത്. 
 
ഡോ. മഹ്മുദുല്‍ ഹസന്‍ ആണ് വയറില്‍ ഗ്ലാസ് കുടുങ്ങിയെത്തിയ ആളെ ചികിത്സിച്ചത്. വൈശാലി ജില്ലയിലെ മഹുവ എന്ന ഗ്രാമത്തില്‍ നിന്നാണ് ഈ 55 കാരന്‍ എത്തിയത്. എക്‌സ്-റേ റിപ്പോര്‍ട്ടില്‍ അസ്വാഭാവികത തോന്നിയ ഡോക്ടര്‍ ഇയാളോട് കാര്യം തിരക്കി. ചായ കുടിച്ചപ്പോള്‍ അറിയാതെ ഗ്ലാസും വിഴുങ്ങിയതാണെന്ന് ഇയാള്‍ പറഞ്ഞു. എന്നാല്‍, ഡോക്ടര്‍ക്ക് ഇത് വിശ്വസിക്കാനായില്ല. ഇത്ര വലിയ ഗ്ലാസ് എങ്ങനെയാണ് അബദ്ധത്തില്‍ വിഴുങ്ങുന്നതെന്ന് ഡോക്ടര്‍ ആശ്ചര്യപ്പെട്ടു. 
 
ഇയാളുടെ ആരോഗ്യനില ഇപ്പോള്‍ മെച്ചപ്പെട്ടു വരുന്നു. വയര്‍ കീറി ശസ്ത്രക്രിയ ചെയ്തതിനാല്‍ മുറിവ് ഉണങ്ങാന്‍ ഏതാനും മാസം സമയമെടുക്കും. പൂര്‍ണ വിശ്രമം ആവശ്യമാണെന്നും ഡോക്ടര്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍