മാഗിക്കു പിന്നാലെ എട്ടു കമ്പനികള്‍ക്ക് കൂടി പിടി വീഴുന്നു
തിങ്കള്‍, 8 ജൂണ്‍ 2015 (17:30 IST)
മാഗി ന്യൂഡില്‍സിന് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ എട്ടു കമ്പനികളുടെ ഉത്പന്നങ്ങള്‍ കൂടി പരിശോധിക്കാന്‍ കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ നിര്‍ദേശം. ഐടിസി , ജിഎസ്‌കെ കണ്‍സ്യൂമര്‍, രുചി ഇന്റര്‍നാഷണല്‍, ഇന്തോ നിസിന്‍, സിജി ഫുഡ്‌സ് ഇന്ത്യ, എഎ ന്യൂട്രിഷന്‍ ലിമിറ്റഡ് തുടങ്ങിയ കമ്പനികളുടെ ന്യൂഡില്‍സ്, പാസ്ത, മക്രോണി എന്നീ ഉല്‍പ്പനങ്ങള്‍ പരിശോധിക്കാനാണ് തീരുമാനം.
സിജി ഫുഡ്‌സിന്റെ വായ് വായ് ന്യൂഡില്‍സും, ബുജിയ ചിക്കനും പരിശോധിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. രുചി ഇന്റര്‍നാഷണലിന്റെ കോകാ ന്യൂഡില്‍സും, ജിഎസ്‌കെയുടെ ഫൂഡില്‍സും പരിശോധന പട്ടികയില്‍ ഉണ്ട്. മാഗി നൂഡില്‍സില്‍ ആരോഗ്യത്തിന് ഹാനീകരമായ ലെഡും, സോഡിയം ഗ്ലൂട്ടാമേറ്റും ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മാഗി രാജ്യവ്യാപകമായി നിരോധിച്ചത്.