മടങ്ങി വരവ് ഗംഭീരമാക്കി മാഗി, അഞ്ച് മിനുട്ടുകൊണ്ട് വിറ്റ് തീര്‍ന്നത് 60,000 പാക്കറ്റ്...!
വ്യാഴം, 12 നവംബര്‍ 2015 (19:36 IST)
നിരോധങ്ങളുടെയും എതിര്‍ പ്രചാരണങ്ങളുടെയും പരമ്പരകളെ അതിജീവിച്ചെത്തിയ മാഗിയുടെ തിരിച്ചുവരവ് അതി ഗംഭീരം. ഓണ്‍ലൈനിലൂടെ വിറ്റഴിക്കാനായി എത്തിയ മാഗി മുഴുവന്‍ ആദ്യ അഞ്ച് മിനിട്ടിനുള്ളില്‍ തന്നെ വിറ്റുതീര്‍ന്നു.
സ്‌നാപ് ഡീലിലെ ഫ്‌ളാഷ്‌സെയിലിലൂടെ മടങ്ങി എത്തിയ മാഗിയുടെ 60,000 പാക്കറ്റാണ് അഞ്ച് മിനിറ്റിനുള്ളില്‍ വിറ്റഴിഞ്ഞത്.
നവംബര്‍ ഒമ്പതിനായിരുന്നു സ്‌നാപ്‌ഡീല്‍ വഴി മാഗി വാങ്ങാനുള്ള റജിസ്‌ട്രേഷന്‍ ആരംഭിച്ചത്. മാഗിയുടെ വെല്‍ക്കം കിറ്റാണ് ദീപാവലി ദിനത്തില്‍ സ്‌നാപ്‌ഡീലിലൂടെ വിറ്റഴിച്ചത്. 12 പാക്കറ്റുകളായിരുന്നു ഒരു കിറ്റില്‍ ഉണ്ടായിരുന്നത്. ആദ്യ ബാച്ചില്‍ പുറത്തിറക്കിയ എല്ലാ പാക്കറ്റുകളും വിറ്റു തീര്‍ന്നതായി നെസ്‌റ്റ്ലെ അറിയിച്ചു.
ദീപാവലിക്ക് മുന്നോടിയായി ചില കടകളില്‍ മാഗി എത്തിയിരുന്നു. എന്നാല്‍ മാഗിയുടെ ഫ്‌ളാഷ് സെയിലാണ് ഏവരും ഉറ്റുനോക്കിയിരുന്നത്. ആരോഗ്യത്തിന് ഹാനികരമാകുന്ന വസ്‌തുക്കള്‍ മാഗിയില്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണിലാണ് ഇത് നിരോധിച്ചത്.
മാഗിയുടെ സാമ്പിളില്‍ മോണോ സോഡിയം ഗ്ലൂട്ടോമോസ്(എം.എസ്.ജി), ലെഡ് എന്നിവ അമിത അളവില്‍ അടങ്ങിയിട്ടുണ്ടെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ മാഗി സുരക്ഷിതമെന്ന് തെളിയുകയായിരുന്നു. ഏതായാലും മാഗിയെ ഇന്ത്യക്കാര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സന്തോഷത്തിലാണ്നെസ്ലെ.