കാമുകനൊപ്പം കണ്ട പെണ്‍കുട്ടിയെ വീട്ടുകാര്‍ കൊലപ്പെടുത്തി

ചൊവ്വ, 13 മെയ് 2014 (11:11 IST)
വടക്കേ ഇന്ത്യയില്‍ അഭിമാനക്കൊലപാതകങ്ങള്‍ പഴങ്കഥയല്ല. ഉത്തര്‍പ്രദേശിലെ മിര്‍സാപുരില്‍ എട്ടാം ക്ലാസുകാരിയെ വീട്ടുകാര്‍ ശ്വാസം മുട്ടിച്ച് കൊന്ന് വീട്ടിനുള്ളില്‍ കെട്ടിതൂക്കി.
 
അവധി ദിവസം മാര്‍ക്കറ്റില്‍ പോയ പെണ്‍കുട്ടി കാമുകനോടൊപ്പം ചുറ്റിക്കറങ്ങുന്നത് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കണ്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മാര്‍ക്കറ്റില്‍ നിന്നും മടങ്ങിയെത്തിയ പെണ്‍കുട്ടിയെ സഹോദരന്മാരും അമ്മാവന്‍‌മാരും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
 
പെണ്‍കുട്ടി മരിച്ചെന്ന് ഉറപ്പ് വരുത്തിയശേഷം വീടിനുള്ളിലെ ഫാനില്‍ കെട്ടിതൂക്കുകയും ചെയ്തു. ആത്മഹത്യ എന്ന് തെറ്റിദ്ധരിപ്പിക്കാനാണ് ഇത് ചെയ്തത്. സമീപവാസികളെ ഇത് കാണിച്ച് വിശ്വസിപ്പിക്കുകയും ചെയ്തു. എന്നാല്‍ ചിലര്‍ക്ക് സംശയം തോന്നി പൊലീസില്‍ വിവരമറിയിക്കുകയും പൊലീസ് എത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയക്കുകയും ചെയ്തു.
 
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് മനസിലാക്കാന്‍ സാധിച്ചത്. തുടര്‍ന്ന് വീട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്തു.

വെബ്ദുനിയ വായിക്കുക