കശ്മീരില്‍ ഇന്നലെയുണ്ടായ ആക്രമണ പരമ്പരയ്ക്കു പിന്നില്‍ പാക്കിസ്ഥാന്‍ തന്നെയെന്ന് തെളിയിക്കുന്ന തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു. ഭീകരരുടെ പക്കല്‍ നിന്നു കണ്ടെത്തിയ ഭക്ഷണ പാക്കറ്റുകളില്‍ ഉറുദുവിലുള്ള എഴുത്തുകളും ആയുധങ്ങളില്‍ പാക്കിസ്ഥാന്റെ അടയാളങ്ങളും സൈന്യം കണ്ടെത്തിയിട്ടുണ്ട്.
12 മണിക്കൂറിനിടെ നാല്‍ ഭീകരാക്രമണങ്ങളാണ് കശ്മീരില്‍ നടന്നത്. ആക്രമണത്തില്‍ 11 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. എട്ടു ഭീകരരെ സൈന്യവും വധിച്ചു. ആറ് എകെ തോക്കുകള്‍, 55 മാഗസിനുകള്‍, രണ്ട് ഷോട്ട് ഗണ്ണുകള്‍, രണ്ട് നൈറ്റ് വിഷന്‍ ബൈനോക്കുലറുകള്‍, നാല് റേഡിയോ സെറ്റുകള്‍, 32 ഗ്രനേഡുകള്‍ എന്നിവ ഭീകരരില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ, ഭീകരര്‍ ആക്രമണം നടത്തിയ നാലിടങ്ങള്‍ സൈനിക മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് സന്ദര്‍ശിച്ചു. ഇനിയും കശ്മീരില്‍ ഭീകരാക്രമണം ഉണ്ടാകുമെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍. തീവ്രവാദികളില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളുടെ എണ്ണം പരിശോധിച്ചതിനു ശേഷമാണ് സൈന്യം ഇത്തരമൊരു നിരീക്ഷനം നടത്തിയത്.
അതേസമയം, കശ്മീര്‍ ആക്രമണത്തെ യുഎസ് അപലപിച്ചു. കശ്മീര്‍ സംബന്ധിച്ച് തങ്ങളുടെ നയം മാറിയിട്ടില്ല. ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ച ചെയ്ത് വിഷയം പരിഹരിക്കണം. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മേരി ഹാര്‍ഫ് വാര്‍ത്താലേഖകരോടു പറഞ്ഞു. കശ്മീരിലെ ആക്രമണങ്ങളില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും യുഎസ് അറിയിച്ചു.