‘നീതിക്ക് വേണ്ടിയാണീ പോരാട്ടം, അറസ്റ്റ് ചെയ്തത് യഥാര്‍ത്ഥ പ്രതികളെ അല്ല’ - കഠ്‌വയിൽ പെൺകുട്ടിക്ക് ‘നീതി തേടി’ ബിജെപി മുൻ മന്ത്രി
ചൊവ്വ, 17 ഏപ്രില്‍ 2018 (15:04 IST)
കശ്മീരിലെ കത്വവയില്‍ എട്ട് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതികൾക്ക് വേണ്ടി ശബ്ദമുയർത്തി വീണ്ടും ബിജെപി. പാര്‍ട്ടിയുടെ മുൻ മന്ത്രി ചൗധരി ലാൽ സിങ് ആണ് ഇപ്പോള്‍ പ്രതികള്‍ക്ക് നീതി വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
കേസില്‍ തങ്ങള്‍ നിരപരാധികളാണെന്നു കേസിൽ ഉൾപ്പെട്ടവർ കഴിഞ്ഞ ദിവസം കോടതിയെ ബോധിപ്പിച്ചിരുന്നു. നുണപരിശോധന വേണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇതേ ആവശ്യമാണ് ലാൽ സിങ്ങും ഇപ്പോൾ ഉന്നയിച്ചിരിക്കുന്നത്.
‘പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെങ്കിൽ കേസിലെ യഥാർഥ പ്രതികളെ തിരിച്ചറിയണം. കേസിൽ സിബിഐ അന്വേഷണം വേണം’ എന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. അതേസമയം, പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ജമ്മുവിൽ പ്രതിഷേധത്തിലാണ്.
ഇക്കഴിഞ്ഞ ജനുവരി 10നാണു കഠ്‌വയിൽ എട്ടു വയസ്സുകാരിയെ കാണാതായത്. ജനുവരി 17ന് ആണു മൃതദേഹം കണ്ടെത്തിയത്. ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത കേസിൽ ഏപ്രിലിൽ കുറ്റപത്രം സമർപ്പിച്ചതോടെയാണു വിവരങ്ങൾ പുറത്തുവന്നത്.