കശ്മീരില്‍ ഗ്രാമ മുഖ്യനെ തീവ്രവാദികള്‍ വെടിവച്ചുകൊന്നു
ശനി, 20 ഡിസംബര്‍ 2014 (16:12 IST)
കശ്മീരി നഗരമായ സോപാറില്‍ ഗ്രാമ മുഖ്യനെ ഭീകരര്‍ വെടിവച്ച് കൊന്നു. കോണ്‍ഗ്രസ് അനുകൂലിയായ ഗുലാം മുഹമ്മദ് ഭട്ടാണ് വെടിയേറ്റ് മരിച്ചത്.സോപാറിലെ ബോമിയ പ്രദേശത്തു വെച്ച് ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടിനടുത്തുള്ള മാര്‍ക്കറ്റില്‍ വെച്ചാണ് ഇയാള്‍ ബൈക്കിലെത്തിയ സംഘം വെടിവച്ചത്.
വെടിയേറ്റ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ നിന്നും സൗകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴിയാണ് മരണം സംഭവിച്ചത്. അതേ സമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്ന് പൊലീസ് പറയുന്നു.
ജമ്മു കശ്മീരില്‍ ഒരു മാസത്തിനിടെ കൊല്ലപ്പെടുന്ന നാലാമത് പഞ്ചായത്തംഗമാണ് ഗുലാം മുഹമ്മദ് ഭട്ട്. ഹൈഗാം വില്ലേജിലെ ഗ്രാമമുഖ്യനെ ഈ മാസം 13 ന് ഭീരകരര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയിരുന്നു. 62കാരനായ ഗുലാം മുഹമ്മദ് മിറിനെയാണ് അന്ന് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ മാസം നവംബര്‍ 30 ന് ഷോഫിയന് വില്ലേജിലെ ഗ്രാമമുഖ്യനായ മുഹമ്മദ് സുല്‍ത്താന്‍ ഭട്ടിനെയും ഭീകരര്‍ കൊലപ്പെടുത്തി. തൊട്ടടുത്ത ദിവസം സെയ്നാപുറ വില്ലേജില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മറ്റൊരു ഗ്രാമമുഖ്യന് പരുക്കേറ്റിരുന്നു.