കാശ്മീര്‍ പ്രളയം: മരണം 190കടന്നു; 91 മലയാളികള്‍ തിരികെയെത്തി

ബുധന്‍, 10 സെപ്‌റ്റംബര്‍ 2014 (11:07 IST)
ജമ്മു കശ്മീരിലെ പ്രളയക്കെടുതിയില്‍ മരണം 190കടന്നു. സൈന്യവും ദേശീയ ദുരന്തനിവാരണസേനയും ഇതുവരെ വെള്ളപ്പൊക്കത്തിലകപ്പെട്ട അന്‍പതിനായിരം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പ്രളയബാധിത മേഖലയില്‍നിന്നും 91 മലയാളികള്‍ തിരിച്ചെത്തി. ഇതിനിടയില്‍ സുരക്ഷസേനയ്ക്കെതിരെ പ്രളയത്തില്‍പ്പെട്ടവര്‍ ആക്രമം നടത്തി. രക്ഷപ്രവര്‍ത്തനം മതിയായ രീതിയില്‍ അല്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം നടത്തിയത്.

ജമ്മുകശ്മീരില്‍ പ്രളയത്തില്‍ ഉള്‍പ്പെട്ടവരെ രക്ഷിക്കുന്നതിനുള്ള സൈന്യത്തിന്റെ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. 2150ല്‍ അധികം കരസേനാംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നത്. 69 വ്യോമസേന ഹെലികോപ്റ്ററുകളും എന്‍ഡിആര്‍എഫിന്റെ 148 ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. രണ്ട് ദിവസമായി മഴയ്ക്ക് കുറവുണ്ടായെങ്കിലും ശ്രീനഗര്‍ ഉള്‍പ്പടെ ജമ്മുകശ്മീരിലെ പത്തോളം ജില്ലകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. തകരാറിലായ വാര്‍ത്താവിനിമയ സംവിധാനങ്ങളും മൊബൈല്‍ നെറ്റ്‌വര്‍ക്കുകളും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

7,200 പുതപ്പുകളും 210 ടെന്‍റുകളും അവര്‍ വിതരണം ചെയ്തു. 42,000 ലിറ്റര്‍ വെള്ളവും 600 കിലോ ബിസ്കറ്റും 1000 ഭക്ഷണപ്പൊതികളും പ്രളയബാധിത മേഖലകളില്‍ വിതരണം ചെയ്തിട്ടുണ്ട്. സായുധസേനയുടെ 80 മെഡിക്കല്‍ സംഘങ്ങള്‍ വൈദ്യസഹായം നല്‍കിവരുന്നു. മുന്നൂറോളം പേരെ ദിനംപ്രതി ചികിത്സിക്കുന്നുണ്ട്. ജില്ലാ ആശുപത്രികളും സന്നദ്ധസംഘടനകളും സഹായത്തിനുണ്ടെന്ന് സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക