ജയന്തിയെ രാജിവയ്പ്പിച്ചത് അമിത് ഷാ, ലക്ഷ്യം കോണ്‍ഗ്രസിന്റെ പതനം!

വെള്ളി, 30 ജനുവരി 2015 (16:07 IST)
കോണ്‍ഗ്രസ് അധ്യക്ഷയായ സോണിയാ ഗാന്ധിയേയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും പ്രതികൂട്ടീലാക്കി കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച ജയന്തി നടരാജനു പിന്നില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ കരണങ്ങളാണെന്ന് റിപ്പോര്‍ട്ടുകള്‍.  കോണ്‍ഗ്രസില്‍ നിന്നു രാജിവച്ച മുന്‍ കേന്ദ്രമന്ത്രി ജയന്തി നടരാജന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി നേരത്തേ ചര്‍ച്ച നടത്തിയിരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
 
ഇക്കഴിഞ്ഞ ശീതകാല സമ്മേളന സമയത്താണ് അമിത് ഷായും ജയന്തി നടരാജനും കൂടിക്കാഴ്ച നടത്തിയതെന്നാണ് പുറത്തുവരുന്ന സൂചനകള്‍. പരിസ്ഥിതി മന്ത്രിയായിരുന്ന കാലത്ത് തന്റെവകുപ്പില്‍ രാഹുല്‍ ഗാന്ധി അനാവശ്യമായി ഇടപെട്ടു എന്ന് ആരോപിച്ച് സോണിയാ ഗാന്ധിക്ക് അയച്ച കത്ത് പുറത്ത് വന്നതിനു പിന്നാലെയാണ് ജയന്തി രാജിവച്ചത്. ജയന്തി ബിജെപിയില്‍ ചേരുവാന്‍ പോകുന്നു എന്ന ആരോപണങ്ങള്‍ നിലനില്‍ക്കേയാണ് ഇപ്പോള്‍ രാജിക്ക് പിന്നിലെ ബിജെപി ബന്ധം പുറത്തുവരുന്നത്.
 
അതേസമയം, ബിജെപി ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് ജയന്തി നടരാജന്റെ വെളിപ്പെടുത്തലുകളെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പ്രതികരിച്ചു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മുരടിച്ചു. വന്‍കിട പദ്ധതികള്‍ക്ക് പരിസ്ഥിതി അനുമതി ലഭിക്കാനുണ്ടായ കാലതാമസമാണ് വികസന മുരടിപ്പിനു കാരണമായതെന്നും ജയ്റ്റ്ലി കുറ്റപ്പെടുത്തി. ജയന്തി നടരാജന്റെ കത്തില്‍ പരാമര്‍ശിക്കുന്ന പദ്ധതികള്‍ക്ക് പരിസ്ഥിതി അനുമതി ലഭിച്ചതിനെക്കുറിച്ച് വിശദമായി പരിശോധിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറും അറിയിച്ചു. ജയന്തി നടരാജന്റെ വെളിപ്പെടുത്തലുകള്‍ ഗൌരവമേറിയതാണെന്നും ജാവഡേക്കര്‍ പറഞ്ഞു.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക