പനീർ സെൽവത്തിനോ തോഴി ശശികലയ്‌ക്കോ സ്ഥാനമില്ല; ജയലളിതയ്‌ക്കായി ഭരണം നിയന്ത്രിക്കുന്നത് മലയാളി!
ചൊവ്വ, 4 ഒക്‌ടോബര്‍ 2016 (14:26 IST)
അസുഖബാധിതയായി അപ്പോളോ ആശുപത്രിയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ തിരിച്ചുവരവിനായി പാര്‍ട്ടി പ്രവര്‍ത്തകരും സാധരണക്കാരും കാത്തിരിക്കുകയാണ്. 12 ദിവസമായി ആശുപത്രിയില്‍ കഴിയുന്ന ജയലളിതയുടെ ആരോഗ്യത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നുമില്ലെങ്കിലും തമിഴ്‌നാട്ടിലെ ഭരണം സുഗമമായി നടക്കുകയാണ്.
ജയലളിതയുടെ അസാനിധ്യത്തില്‍ തമിഴ്‌നാടിന്റെ ഭരണനിയന്ത്രണം നടത്തുന്നത് മലയാളി വനിതയായ ഷീല ബാലകൃഷ്ണനാണ്. ചെന്നൈ അപ്പോളോ ആശുപത്രിയിലെ രണ്ടാം നിലയിൽ പ്രവേശനം അനുവദിക്കപ്പെട്ട മൂന്നു പേരിൽ ഒരാളായ ജയലളിതയുടെ പ്രത്യേക ഉപദേഷ്ടാവായ ഷീലയാണ് ഭരണം നിയന്ത്രിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
പാര്‍ട്ടിയിലെ രണ്ടാമനെന്ന് അറിയപ്പെടുന്ന പനീർ സെൽവത്തിനേക്കാളും തോഴി ശശികലയെക്കാളും ജയലളിതയ്‌ക്ക് അടുപ്പമുള്ളത് ഷീലയോട് മാത്രമാണ്. ഇതിനാലാണ് ആശുപത്രിയില്‍ പോലും ഇവര്‍ക്ക് പ്രത്യേക സ്ഥാനമുള്ളത്. പൊതു രംഗങ്ങളിൽ നിന്നെല്ലാം പരമാവധി വിട്ടു നിൽക്കുന്ന ഷീലയാണ് ഇപ്പോള്‍ എല്ലാം നിയന്ത്രിക്കുന്നത്.
തിരുവനന്തപുരം സ്വദേശിനിയായ ഷീല 1976 ബാച്ചിലെ ഐഎഎസുകാരിയാണ്. 1977ൽ തഞ്ചാവൂർ അസിസ്റ്റന്റ് കളക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1996ൽ ഫിഷറീസ് കമ്മിഷണറായ ഷീല 2002 മാർച്ചിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തുന്നത് . തുടര്‍ന്നാണ് ജയലളിതയുമായി അടുപ്പത്തിലാകുന്നത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ജയലളിതയുടെ വിശ്വസ്‌തയായി തീരുകയും ചെയ്‌തു.
2011ൽ ജയലളിത അധികാരത്തിൽ വന്നപ്പോൾ ഷീല നിയമിതയായത് അഡീഷണൽ ചീഫ് സെക്രട്ടറിയായാണ്. 2012 ഷീല ചീഫ് സെക്രട്ടറി പദവിയിലെത്തി. വിരമിച്ച ശേഷം അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി ഷീലയ്ക്ക് നിയമനം നല്‍കുകയായിരുന്നു ജയലളിത.