അയോധ്യയിൽ ജയ്ഷെ മുഹമ്മദിന്റെ ഭീഷണിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്, പോലീസ് സുരക്ഷ ശക്തമാക്കി

അഭിറാം മനോഹർ

വ്യാഴം, 26 ഡിസം‌ബര്‍ 2019 (08:58 IST)
ഉത്തർപ്രദേശിലെ അയോധ്യയിൽ ഭീകരവാദ സംഘടനയായ ജെയ്ഷെ മുഹമ്മദ് ആക്രമിക്കാൻ സാധ്യതയുള്ളതായി ഇന്റലിജൻസ് റിപ്പോർട്ട്.  റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ അയോധ്യയിലെ വിവിധയിടങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കി. വാർത്താ ഏജൻസിയായ ഐഎഎൻഎസാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
 
സോഷ്യൽ മീഡിയയായ ടെലഗ്രാമിലൂടെ ജെയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസർ അക്രമ സന്ദേശം നൽകിയതായാണ് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നത്.ഇതിനിടെ കഴിഞ്ഞ മാസം നേപ്പാൾ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് ഏഴോളം നുഴഞ്ഞുകയറ്റക്കാർ കയറിയതായും റിപ്പോർട്ടുകളുണ്ട്. ഉത്തർപ്രദേശിലെ ഗൊരഖ്പൂർ,അയോധ്യ എന്നിവിടങ്ങളിൽ ഭീകരർ എത്തിയിട്ടുണ്ടെന്നാണ് നിഗമനം.
 
നേപ്പാളിൽ നിന്നും ഇന്ത്യയിലെത്തിയ അഞ്ച് ഭീകരരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇവരെ ഇതുവരെയും പിടികൂടാൻ സാധിച്ചിട്ടില്ല. ഇവരുടെ കയ്യിൽ വൻ ആയുധ ശേഖരം ഉണ്ടെന്നും പറയപ്പെടുന്നു.
 
അയോധ്യയിൽ ബാബ്‌രി മസ്ജിദ്- രാം ജന്മഭൂമി തർക്കഭൂമിയിൽ രാമക്ഷേത്രം നിർമിക്കാമെന്ന സുപ്രീം കോടതി ഉത്തരവിന് ശേഷം അയോധ്യ ഭീകരവാദികളുടെ ലക്ഷ്യമാണെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ പറയുന്നു. നാല് മാസത്തിനുള്ളിൽ അയോധ്യയിൽ അംബരചുംബിയായ ക്ഷേത്രം നിർമിക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചത് അടുത്തിടയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍