ഐഎസ്‌ആര്‍ഒയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 18ന്റെ വിക്ഷേപണം വിജയകരം

വ്യാഴം, 6 ഒക്‌ടോബര്‍ 2016 (08:23 IST)
വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 18ന്റെ വിക്ഷേപണം വിജയകരം. ഐ എസ് ആര്‍ ഒയുടെ ഉപഗ്രഹം ഫ്രഞ്ച് ഗയാനയില്‍ നിന്നാണ് വിക്ഷേപിച്ചത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടു മണിയോടെ  യൂറോപ്യന്‍ ഉപഗ്രഹ വിക്ഷേപണ വാഹനമായ  ഏരിയാന്‍-5 റോക്കറ്റ് ആണ് ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിച്ചത്.
 
നേരത്തെ ബുധനാഴ്ച ആയിരുന്നു വിക്ഷേപണം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, തെക്കേ അമേരിക്കയിലെ വടക്ക് കിഴക്കൻ തീരത്തെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ബുധനാഴ്ച നടത്താനിരുന്ന വിക്ഷേപണം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
 
ഓസ്‌ട്രേലിയന്‍ നാഷണല്‍ ബ്രോഡ്ബാന്റ് നെറ്റ്‌വര്‍ക് (എന്‍ ബി എന്‍)ന്റെ സ്കൈ മസ്റ്റര്‍ 2 ഉപഗ്രഹവും ജിസാറ്റ് 18നൊപ്പം വിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിക്ഷേപണ വാഹനമായ പി എസ് എല്‍ വിക്ക് വഹിക്കാവുന്നതിലും ഭാരമേറിയ ഉപഗ്രഹമായതിനാലാണ് വിദേശ ഏജന്‍സിയുടെ റോക്കറ്റ് ഐ എസ് ആര്‍ ഒ ഉപയോഗിച്ചത്.

വെബ്ദുനിയ വായിക്കുക