ഐ‌എസ്‌ആര്‍‌ഒ വിശ്രമിക്കുന്നില്ല, ചൊവ്വയ്ക്ക് പിന്നാലെ ശുക്രനിലേക്കും ഇന്ത്യ കുതിക്കും

ചൊവ്വ, 21 ജൂലൈ 2015 (12:06 IST)
ബഹിരാകാശ മേഖലയില്‍ അവഗണിക്കാനാകാത്ത ശക്തിയായി മാറിയ ഇന്ത്യ അടുത്ത ചരിത്രപരമായ കുതിപ്പിന് തയ്യാറെടുക്കുന്നു.  ശുക്രനിലേക്കും ചൊവ്വയിലേക്കും നക്ഷത്രസദൃശ്യമായ ചെറിയഗ്രഹങ്ങളിലേക്കും പുതിയ പര്യവേക്ഷണത്തിനാണ് ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സിയായ ഐ‌എസ്‌ആര്‍‌ഒ തയ്യാറെടുക്കുന്നത്. പുതിയ പര്യവേക്ഷണ പദ്ധതികള്‍ പ്രഖ്യാപിച്ചത് ഐഎസ്ആർഒ ചെയർമാൻ കിരൺ കുമാറാണ്.

ശുക്രൻ നമുക്ക് അടുത്തുള്ള ഗ്രഹമാണ്. എന്നാൽ ഇതിനെ കുറിച്ചു ശാസ്ത്രീയമായ വിശദമായ പഠനം ആവശ്യമാണ്. നക്ഷത്രസദൃശ്യമായ ചെറിയ ഗ്രഹങ്ങളിൽ പഠനം നടത്തുകയെന്നതു വെല്ലുവിളി നിറഞ്ഞ കാര്യമാണെന്നും കിരൺ കുമാർ പറഞ്ഞു. ബഹിരാകാശത്തിന്റെ ഉള്ളറകൾ കണ്ടെത്തുന്ന പദ്ധതിയിൽ യുഎസും ഇന്ത്യയെ സഹായിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതുവരെ റഷ്യയും യുഎസും യൂറോപ്യൻ സ്പേസ് ഏജൻസിയും (ഇഎസ്എ) മാത്രമാണ് ശുക്രനിലേക്ക് പര്യവേക്ഷണം നടത്തി വിജയിച്ചിട്ടുള്ളു.

ശുക്രനിലേക്ക് പര്യവേക്ഷണം നടത്തുന്നതില്‍ വിജയിച്ചാല്‍ ഐ‌എസ്‌ആര്‍‌ഒ അബഗണിക്കാനാകാത്ത ശക്തിയായി തീരും.  2018-2020ൽ ഇന്ത്യയുടെ രണ്ടാമത്തെ ചൊവ്വാ ദൌത്യം മംഗൾയാൻ - 2 ഉണ്ടാകുമെന്നാണ് വിവരം. ചൊവ്വയിലിറങ്ങിയുള്ള പരീക്ഷണം ഈ ദൗത്യത്തിൽ നടപ്പാക്കാനാണ് പദ്ധതി. അതിനു പിന്നാലെ ശുക്രനിലേക്കും പര്യവേക്ഷണം ഉണ്ടാകും. ചന്ദ്രനില്‍ പര്യവേക്ഷണ വാഹനമിറക്കിയുള്ള ചാന്ദ്രയാന്‍- 2 ഉടനുണ്ടാകുമെന്നാണ് സൂചനകള്‍. ക്രയോജനിക് എഞ്ചിന്റെ പരീക്ഷണം ഇത് ഉദ്ദേശിച്ചുള്ളതാണ്.

വെബ്ദുനിയ വായിക്കുക